300 ദിവസത്തിനിടെ 60 തവണ വിലകൂടി ; ഇന്ധനവില കുറയ്ക്കാന്‍ എന്ത് നടപടി സ്വീകരിച്ചു ? മറുപടിയില്ലാതെ സംസ്ഥാനങ്ങളെ പഴി ചാരി കേന്ദ്രം

Jaihind News Bureau
Wednesday, February 10, 2021

ന്യൂഡല്‍ഹി : രാജ്യത്ത് കഴിഞ്ഞ 300 ദിവസത്തിനിടെ 60 ദിവസവും പെട്രോള്‍-ഡീസല്‍ വില കൂടി. എന്നാല്‍ സാധാരണക്കാരുടെ ബജറ്റിനെ താളം തെറ്റിക്കുന്ന ഇന്ധനവില വർധനയെ പ്രതിരോധിക്കാന്‍ യാതൊരു നടപടികളും കേന്ദ്രസർക്കാരിന്‍റെ ഭാഗത്തുനിന്നുണ്ടാകുന്നില്ല. ഇന്ധന വിലവർധനവില്‍ കെ.സി വേണുഗോപാല്‍ എം.പി ഉന്നയിച്ച ചോദ്യങ്ങള്‍ക്കും വ്യക്തമായ മറുപടി നല്‍കാതെ സംസ്ഥാനങ്ങളുടെ മേല്‍ പഴിചാരാനായിരുന്നു കേന്ദ്രം ശ്രമിച്ചത്.

കെ.സി വേണുഗോപാല്‍ എം.പിയാണ്  രാജ്യസഭയില്‍ ഇന്ധനവില വർധന സംബന്ധിച്ച ചോദ്യം ഉന്നയിച്ചത്. പെട്രോള്‍, ഡീസല്‍ വിലവര്‍ധനയില്‍ കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും ഉത്തരവാദിത്വമുണ്ടെന്നും വളരെ കരുതലോടെ ഇടപെടേണ്ട വിഷയമാണിതെന്നും പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞു. പെട്രോളിയം ഉത്പന്നങ്ങളില്‍ നിന്നുള്ള നികുതിയെ പ്രധാന വരുമാനമാര്‍ഗമായി കാണുന്നു. കേന്ദ്രം ഇന്ധനങ്ങളുടെ എക്സൈസ് തീരുവ കൂട്ടുകയും കുറയ്ക്കുകയും ചെയ്തിട്ടുണ്ട്. സംസ്ഥാനങ്ങളും വാറ്റ് നിരക്ക് വര്‍ധിപ്പിച്ചുവെന്നും മന്ത്രി അറിയിച്ചു.

എന്നാല്‍, ഇന്ധനവില എക്കാലത്തേയും ഉയര്‍ന്ന നിരക്കിലാണെന്നിരിക്കേ മന്ത്രി തെറ്റിദ്ധരിപ്പിക്കുകയാണെന്ന് കെ.സി. വേണുഗോപാല്‍ ആരോപിച്ചു. അസംസ്‌കൃത എണ്ണവില എക്കാലത്തേയും ഉയര്‍ന്ന നിരക്കിലല്ല. അതേസമയം പെട്രോള്‍ വില 100 രൂപയിലേക്ക് അടുത്തുകൊണ്ടിരിക്കേ നികുതി കുറയ്ക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടോയെന്നും വേണുഗോപാല്‍ ചോദിച്ചു. അന്താരാഷ്ട്ര വിലയില്‍ മാറ്റമുണ്ടായാല്‍ ആ പ്രൈസിംഗ് മെക്കാനിസവുമായി ഒത്തുപോകേണ്ടിവരുമെന്നായിരുന്നു മന്ത്രിയുടെ മറുപടി.

കഴിഞ്ഞ 300 ദിവസത്തിനിടെ 60 ദിവസമാണ് ഇന്ധനവില വില കൂടിയത്. അതേസമയം പെട്രോള്‍ വില കേരളത്തില്‍ 90 ലേക്കും ഡീസല്‍ വില 82 രൂപയിലേക്കും എത്തുകയാണ്. കഴിഞ്ഞ എട്ടുമാസം കൊണ്ട് 16 രൂപ 30 പൈസയാണ് ലിറ്ററിന് കൂടിയത്. രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണ വില വര്‍ധിക്കുന്നതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നതെന്നാണ് എണ്ണക്കമ്പനികളുടെ വാദം.