സംസ്ഥാനത്ത് വിലക്കയറ്റം രൂക്ഷം; സെഞ്ച്വറിയടിച്ച് തക്കാളി വില, അരിവിലയും കുതിക്കുന്നു; നട്ടംതിരിഞ്ഞ് ജനം

Jaihind Webdesk
Saturday, May 21, 2022

സംസ്ഥാനത്ത് പച്ചക്കറി വില കുതിക്കുന്നു. തക്കാളിയ്ക്ക് വില 100 കടന്നു. ബീൻസ്, പയർ, വഴുതന തുടങ്ങിയവയ്ക്കും ഒരാഴ്ചക്കിടെ വില രണ്ടിരട്ടിയിലധികം വർധിച്ചു. കഴിഞ്ഞ ആഴ്ച വരെ മുപ്പത് രൂപയ്ക്കും 40  രൂപയ്ക്കും കിട്ടിയിരുന്ന തക്കാളിക്ക് വിപണി വില ഇപ്പോൾ നൂറ് രൂപ കടന്നിരിക്കുകയാണ്. തക്കാളിക്ക് മാത്രം മൂന്ന് മടങ്ങ് വർധനയാണ് ഉണ്ടായത്. 30 രൂപയുണ്ടായിരുന്ന വഴുതനയ്ക്ക് 60 ആയി. 40 രൂപയുടെ പയറിന് 80 കൊടുക്കണം. 30 രൂപയ്ക്ക് കിട്ടിയ കത്തിരിക്ക് 50 രൂപയും ആണ് വിപണിയിൽ ഈടാക്കുന്നത്.

കർണാടകയിലും തമിഴ്‌നാട്ടിലും കനത്ത മഴയിലും ഇന്ധനവില വർധനയിലും ബജറ്റുകൾ താളം തെറ്റിയതിന് പിന്നാലെയാണ് വില വർധന. പച്ചക്കറിക്ക് മാത്രമല്ല, അരിക്കും വില കൂടിയിട്ടുണ്ട്. ജയ അരിക്കും ആന്ധ്രയിൽ നിന്നുള്ള വെള്ള അരിക്കും ഏഴു രൂപ വരെ കൂട്ടിയാണ് പലയിടങ്ങളിലും ഈടാക്കുന്നത്. തക്കാളി ഉൾപ്പെടെയുള്ള പച്ചക്കറിക്കും, പഴങ്ങൾക്കും വില കൂടിയപ്പോൾ സവാളയ്ക്ക് പൊതുവെ പിവണിയിൽ വിലക്കുറവാണ്.

സംസ്ഥാനത്ത് അരിവില കുതിച്ചുയരുന്നത് സാധാരണക്കാർക്ക് കനത്ത വെല്ലുവിളിയാണ് ഉയർത്തുന്നത്. ഒരാഴ്ചക്കിടെ ചില്ലറ വിപണിയിൽ ജയ, സുരേഖ അരി ഇനങ്ങളുടെ വില ഏഴ് രൂപ വരെ കൂടി. ദിനം പ്രതി ഇന്ധന വില വർധിക്കുന്നതിന് പിന്നാലെയാണ് പലചരക്ക് സാധനങ്ങൾക്കും പച്ചക്കറികൾക്കുമെല്ലാം അരിക്കുമെല്ലാം വില ഉയരുന്നത്.