സംസ്ഥാന സർക്കാരിന് കീഴിലുള്ള അഞ്ച് ലോട്ടറി ടിക്കറ്റുകൾക്ക് പത്തു രൂപ കൂട്ടി. അതേസമയം ലോട്ടറി ടിക്കറ്റുകളുടെ വില ഏകീകരിക്കാൻ തീരുമാനിച്ചതിന്‍റെ അടിസ്ഥാനത്തിൽ കാരുണ്യ ലോട്ടറിയുടെ വില പത്ത് രൂപ കുറച്ചിട്ടുണ്ട്. നാളെ ബജറ്റ് അവതരിപ്പിക്കാനിരിക്കെയാണ് ലോട്ടറി ടിക്കറ്റ് വില വർധിപ്പിച്ചിരിക്കുന്നത്. ലോട്ടറി വകുപ്പാണ് വില ഏകീകരിച്ച് കൊണ്ട് ഉത്തരവിറക്കിയത്. ലോട്ടറിയുടെ ജിഎസ്ടി നികുതി ജിഎസ്ടി കൗൺസിൽ നേരത്തെ വർധിപ്പിച്ചിരുന്നു. സംസ്ഥാന ലോട്ടറികളുടെ ഇതുവരെ ഉണ്ടായിരുന്ന 12 ശതമാനം നികുതി 28 ശതമാനത്തിലേക്കാണ് ജിഎസ്ടി കൗൺസിൽ ഉയർത്തിയത്. സംസ്ഥാന സർക്കാരിന്റെ കടുത്ത സാമ്പത്തിക പ്രതിസന്ധിയും ഇപ്പോൾ ടിക്കറ്റ് വില വർധിപ്പിക്കുന്നതിന് കാരണമായിട്ടുണ്ട്. ധനമന്ത്രി തോമസ് ഐസക്ക് നേരത്തെ തന്നെ ലോട്ടറി വില കൂട്ടാതെ മറ്റ് മാർഗങ്ങളില്ലെന്ന് വ്യക്തമാക്കിയിരുന്നു.