
തിരുവനന്തപുരം കോര്പ്പറേഷന് തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ്. നേരിട്ട അപ്രതീക്ഷിത തോല്‍വി സി.പി.എം. നേതൃത്വത്തെ പോലും ഞെട്ടിച്ചിരിക്കുകയാണ്. എന്‍.ഡി.എ. വന്‍ മുന്നേറ്റം കാഴ്ചവെച്ച ഈ തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ, നിലവിലെ മേയര്‍ ആര്യ രാജേന്ദ്രനെ ലക്ഷ്യമിട്ട് രൂക്ഷ വിമര്‍ശനവുമായി കൗണ്‍സില്‍ അംഗവും ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണുമായിരുന്ന ഗായത്രി ബാബു രംഗത്തെത്തി. പേര് നേരിട്ട് പറയാതെയായിരുന്നു മേയര്‍ക്കെതിരായ ഗായത്രിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്.
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ഭരണത്തില്‍ എല്‍.ഡി.എഫിന്റെ ജനകീയ അടിത്തറ ഇല്ലാതാക്കിയെന്നും, അടിസ്ഥാനപരമായ വിഷയങ്ങള്‍ അവഗണിച്ചെന്നും പോസ്റ്റില്‍ ആരോപിക്കുന്നു. കൂടാതെ, തന്നെക്കാള്‍ താഴ്ന്നവരോടുള്ള പുച്ഛം, പാര്‍ട്ടിയെക്കാള്‍ വലുതെന്ന ഭാവം, ഓഫീസ് സൗകര്യങ്ങളെ ‘കരിയര്‍ ബില്‍ഡിങ്ങിനുള്ള കോക്കസ്’ ആക്കി മാറ്റിയത് തുടങ്ങിയ ഗുരുതര വിമര്‍ശനങ്ങളും ഗായത്രി ഉന്നയിച്ചു. ഈ സമയം ജനങ്ങളെ നേരില്‍ കണ്ടിരുന്നെങ്കില്‍ ഇത്രയും വലിയ തിരിച്ചടി ഉണ്ടാകുമായിരുന്നില്ലെന്നും പോസ്റ്റില്‍ കുറ്റപ്പെടുത്തിയിരുന്നു. എന്നാല്‍, വലിയ രാഷ്ട്രീയ വിവാദമായതോടെ ഗായത്രി ബാബു ഈ പോസ്റ്റ് പിന്നീട് നീക്കം ചെയ്തു. ഈ സംഭവം കോര്‍പ്പറേഷനിലെ തോല്‍വിക്ക് പിന്നാലെ സി.പി.എമ്മിനുള്ളില്‍ ഉടലെടുത്ത കടുത്ത ആഭ്യന്തര ഭിന്നതയും നേതൃത്വത്തിനെതിരായ അതൃപ്തിയുമാണ് വ്യക്തമാക്കുന്നത്.