രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെ ശബരിമല സന്ദര്‍ശനം നിലവിലുള്ള ആചാരങ്ങളുടെയും ഹൈക്കോടതി വിധിയുടെയും ലംഘനമാണെന്ന് ആരോപണം. മലപ്പുറം ഡി.സി.സി. ജനറല്‍ സെക്രട്ടറി ഇ.പി. രാജീവ് ആണ് രാഷ്ട്രപതിക്ക് നേരിട്ട് പരാതി അയച്ചത്. ശബരിമലയിലെ ‘വി.ഐ.പി. പരിഗണന’ ഹൈക്കോടതി വിലക്കിയ സാഹചര്യത്തില്‍, രാഷ്ട്രപതിയുടെ സന്ദര്‍ശനം ആ വിധിക്ക് വിരുദ്ധമാണെന്നും, ഇത് സാധാരണ ഭക്തര്‍ക്ക് കനത്ത തിരിച്ചടിയാണെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.
രാഷ്ട്രപതിയുടെ സന്ദര്‍ശനത്തിനായി ഇരുപത്തിയഞ്ചോളം വാഹനങ്ങള്‍ ശബരിമലയിലെ സ്വാമി അയ്യപ്പന്‍ റോഡിലൂടെ സന്നിധാനത്തേക്ക് കടത്തിവിട്ടത് ആചാര ലംഘനമാണ്. ശബരിമലയില്‍ വി.ഐ.പി. പരിഗണനയില്ല എന്ന ഹൈക്കോടതി വിധിയെ സന്ദര്‍ശനം വെല്ലുവിളിച്ചു. വി.ഐ.പി. സൗകര്യങ്ങള്‍ക്കായി സുരക്ഷയുടെ പേരില്‍ സാധാരണ ഭക്തരെ തടഞ്ഞത് കോടതിയുടെ ഉത്തരവിനെതിരാണെന്നും പരാതിയില്‍ പറയുന്നു. തുലാമാസ പൂജകള്‍ക്കായി ആകെ അഞ്ച് ദിവസമാണ് നട തുറക്കുന്നത്. ഇതില്‍ രണ്ട് ദിവസം വി.ഐ.പി. സന്ദര്‍ശനം കാരണം സാധാരണ ഭക്തര്‍ക്ക് ദര്‍ശനത്തിനുള്ള അവസരം നഷ്ടമായി. മുമ്പെങ്ങും ഇല്ലാത്തവിധം രാഷ്ട്രപതിയുടെ സന്ദര്‍ശനത്തിനായി ഉച്ചസമയത്ത് ദര്‍ശനം ക്രമീകരിച്ചതിലും ഇ പി രാജീവ് ചോദ്യം ഉന്നയിച്ചു.
മുന്‍കാലങ്ങളിലെ സന്ദര്‍ശന ശ്രമങ്ങളും കത്തില്‍ ഇ.പി. രാജീവ് ഓര്‍മ്മിപ്പിച്ചു. മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ശബരിമല സന്ദര്‍ശിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍, ‘ആചാര ലംഘനം’ ആരോപിച്ച് ബി.ജെ.പി. നേതാവ് കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍ ശക്തമായ സമരം നടത്തിയ ചരിത്രം കത്തില്‍ എടുത്തുപറയുന്നുണ്ട്. ഭരണഘടനാ പദവിയിലുള്ള ഒരാള്‍ ആചാരങ്ങളെ മാനിക്കാതെ ഇത്തരം സൗകര്യങ്ങള്‍ ഉപയോഗിക്കുന്നത് ഇരട്ടത്താപ്പാണെന്നാണ് ആരോപണം.