സൈനിക യൂണിറ്റുകൾക്ക് രാജ്യം നൽകുന്ന പരമോന്നത ബഹുമതിയായ പ്രസിഡന്‍റ്സ് കളർ പുരസ്കാരം രാഷ്ട്രപതി റാം നാഥ് കോവിന്ദ് ഏഴിമല നാവിക അക്കാദമിക്കു സമ്മാനിച്ചു. ഏഴിമല നാവിക അക്കാദമി ആസ്ഥാനത്ത് പ്രൗഡഗംഭീരമായ ചടങ്ങിലാണ് പുരസ്കാര സമർപ്പണം നടന്നത്..
ഇന്ത്യൻ നാവിക സേനയുടെ കരുത്തും ,അച്ചടക്കവും വിളിച്ചോതുന്ന ചടങ്ങിനാണ് ഏഴിമല നാവിക അക്കാദമി സാക്ഷ്യം വഹിച്ചത്. 21 ആചാരവെടി മുഴക്കി രാജ്യത്തിന്റെ സർവ്വസൈന്യാധിപനെ ചടങ്ങിലേക്ക് വരവേറ്റതോടെ പുരസ്ക്കാര ദാന ചടങ്ങ് ആരംഭിച്ചു.ഇന്ത്യയിലെ ഏറ്റവും വില കൂടിയ പട്ടിൽ തയാറാക്കിയ പ്രത്യേക പതാക (പ്രസിഡന്‍റ്സ് കളർ) രാഷ്ട്രപതിയിൽ നിന്ന് അക്കാദമി കെഡറ്റ് ക്യാപ്റ്റൻ സുശീൽ സിംഗ് ഏറ്റുവാങ്ങി
തുടർന്ന് കേഡറ്റുകളുടെ മാർച്ച് പാസ്റ്റും നടന്നു.
രാജ്യം നേരിടുന്ന വെല്ലുവിളികളെ അതിജീവിക്കുന്നതിൽ നിർണായക പങ്കാണ് നാവികസേന വഹിക്കുന്നതെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് പറഞ്ഞു.
രാജ്യം പുതിയ വെല്ലുവിളികൾ നേരിടുന്നതായും അത് നേരിടാൻ രാഷ്ട്രം സുസജ്ജമാണെന്നും രാഷ്ട്രപതി പറഞ്ഞു. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, നാവികസേന മേധാവി അഡ്മിറൽ കരം ബീർ സിംഗ്, ഉയർന്ന നാവികോദ്യോഗസ്ഥർ, ജില്ലാ കളക്ടർ, ഉൾപ്പടെ ചടങ്ങിൽ പങ്കെടുത്തു.
രാജ്യം സ്വതന്ത്രമായശേഷം 1951 മേയിൽ ആണ് പ്രസിഡന്‍റ്സ് കളർ പുരസ്ക്കാരം ഏർപ്പെടുത്തിയത്. ഇന്ത്യൻ നാവികസേനയാണ് ആദ്യത്തെ പ്രസിഡന്‍റ്സ് കളർ സ്വന്തമാക്കിയത്. 1969ൽ സ്ഥാപിതമായ ഇന്ത്യൻ നാവിക അക്കാദമിക്കു സുവർണജൂബിലി വർഷത്തിലാണ് ഈ ബഹുമതി ലഭിക്കുന്നത്. 1969ൽ കൊച്ചിയിൽ ആരംഭിച്ച നാവിക അക്കാദമി 1986ൽ ഗോവയിലേക്കും 2009ൽ ഏഴിമലയിലേക്കും മാറ്റുകയായിരുന്നു.മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയാണ് ഏഴിമലയിൽ നാവിക അക്കാദമി സ്ഥാപിക്കാൻ മുൻകൈയെടുത്തത്..ഈ വർഷം രണ്ടാമത്തെ പ്രസിഡന്റ്സ് കളറാണു രാഷ്ട്രപതി ഏഴിമലയിൽ സമ്മാനിച്ചത്.. 6 മാസം മുൻപ് ഒഡീഷയിലെ എയർ ഡിഫൻസ് കോർ ബഹുമതി സ്വന്തമാക്കിയിരുന്നു. ഒരു യൂണിറ്റിന് ഒരിക്കൽ മാത്രമാണ് ഈ ബഹുമതി നൽകുക. രാഷ്ട്രപതിയിൽ നിന്നു ലഭിക്കുന്ന പതാക പിന്നീടു സവിശേഷ അവസരങ്ങളിൽ പരേഡിന്റെ ഭാഗമായി മാത്രമേ ഉപയോഗിക്കുകയുള്ളു.