രാഷ്ട്രപതി വോട്ടെടുപ്പ് പൂർത്തിയായി; വോട്ടെണ്ണല്‍ 21 ന്

ന്യൂഡല്‍ഹി: ഇന്ത്യയുടെ 15-ാമത് രാഷ്ട്രപതിയെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് പൂർത്തിയായി. ഇന്ന് രാവിലെ പത്ത് മണിക്കാണ് വോട്ടെടുപ്പ് ആരംഭിച്ചത്. പാർലമെന്‍റിൽ 63-ാം നമ്പർ മുറിയായിരുന്നു പോളിംഗ് ബൂത്ത്. സംസ്ഥാനങ്ങളിൽ നിയമസഭകളിലാണ് വോട്ടെടുപ്പ് നടന്നത്.

എംപിമാരും എംഎല്‍എമാരുമടക്കം 4809 ജനപ്രതിനിധികളാണ് വോട്ട് രേഖപ്പെടുത്താൻ പട്ടികയിലുണ്ടായിരുന്നത്. എൻഡിഎ സ്ഥാനാർത്ഥി ദ്രൗപദി മുർമുവും പ്രതിപക്ഷ സ്ഥാനാർത്ഥി യശ്വന്ത് സിൻഹയും തമ്മിലാണ് മത്സരം. അറുപത് ശതമാനത്തിലധികം വോട്ട് ഉറപ്പിച്ച് എന്‍ഡിഎ സ്ഥാനാർത്ഥി ദ്രൗപതി മുർമു വിജയം ഉറപ്പാക്കിയിട്ടുണ്ട്. അതേസമയം മികച്ച മത്സരം കാഴ്ച വെക്കാനായെന്ന പ്രതീക്ഷയിലാണ് പ്രതിപക്ഷം. അടുത്ത ചൊവ്വാഴ്ച വോട്ടെണ്ണി വിജയിയെ പ്രഖ്യാപിക്കും.

എംപിമാർക്ക് പച്ചയും എംഎൽഎമാർക്ക് പിങ്കും നിറത്തിലുമുള്ള ബാലറ്റുകളാണ് വോട്ട് ചെയ്യാൻ ലഭിച്ചത് . വയലറ്റ് മഷിയുള്ള പ്രത്യേകം രൂപകൽപന ചെയ്ത പേനയാണ് വോട്ട് ചെയ്യാൻ നൽകിയത്. 21 നാണ് വോട്ടെണ്ണല്‍.  15-ാമത് രാഷ്ട്രപതിയുടെ സത്യപ്രതിജ്ഞ ജൂലൈ 25ന് നടക്കും.

Comments (0)
Add Comment