ഐപിസിയും സിആർപിസിയും ഇനിയില്ല; ക്രിമിനല്‍ നിയമ പരിഷ്കാരങ്ങള്‍ക്ക് രാഷ്ട്രപതിയുടെ അംഗീകാരം

Jaihind Webdesk
Monday, December 25, 2023

 

ന്യൂഡല്‍ഹി: ക്രിമിനൽ നിയമ പരിഷ്കാരങ്ങൾക്ക് രാഷ്ട്രപതി ദ്രൗപദി മുർമുവിന്‍റെ അംഗീകാരം. മൂന്ന് സുപ്രധാന ബില്ലുകൾക്കാണ് രാഷ്ട്രപതി അംഗീകരാം നല്‍കിയത്. ഇന്ത്യൻ പീനൽ കോഡ് 1860 (ഐപിസി), കോഡ് ഓഫ് ക്രിമിനൽ പ്രൊസീജ്യർ 1973 (സിആർപിസി), ഇന്ത്യൻ എവിഡൻസ് ആക്ട് 1872 എന്നിവയ്ക്കു പകരമായുള്ള ഭാരതീയ ന്യായ് സംഹിത 2023, ഭാരതീയ നാഗരിക് സുരക്ഷ 2023, ഭാരതീയ സാക്ഷ്യ ബിൽ 2023 എന്നീ ബില്ലുകളാണു രാഷ്ട്രപതി ഒപ്പുവെച്ചതോടെ നിയമമായത്.

ക്രിമിനൽ നിയമ പരിഷ്കകരണത്തിനായി 3 ബില്ലുകൾ പാർലമെന്‍റ് ശൈത്യകാല സമ്മേളനത്തിൽ പാസാക്കിയിരുന്നു. പ്രതിപക്ഷത്തിന്‍റെ അസാനിധ്യത്തിലാണ് ബില്ലുകൾ പാസാക്കിയത്. പാർലമെന്‍റിലെ സുരക്ഷാ വീഴ്ചയിൽ പ്രതിഷേധിച്ച 146 പ്രതിപക്ഷ അംഗങ്ങളെ സഭയിൽ നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു. പ്രതിപക്ഷ മുക്തമാക്കിയ പാർലമെന്‍റിലാണ് സുപ്രധാന ബില്ലുകള്‍ പാസാക്കിയത്. പോസ്റ്റ് ഓഫീസ് ബില്ലിനും ടെലികോം ബില്ലിനും രാഷ്ട്രപതി അംഗീകാരം നൽകി.

ഓഗസ്റ്റ് 11-നാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ആദ്യ ബില്ലുകൾ പാർലമെന്‍റിൽ അവതരിപ്പിച്ചത്. തുടർന്നിത് സ്റ്റാൻഡിംഗ് കമ്മിറ്റിക്ക് വിട്ടു. തുടർന്ന് നവംബര്‍ 10-ന് റിപ്പോര്‍ട്ട് സമർപ്പിക്കുകയും പിന്നാലെ ഡിസംബര്‍ 11-ന് ബില്ലുകള്‍ പിൻവലിക്കുകയും ചെയ്തു. പിന്നീട് ശീതകാല സമ്മേളനത്തിൽ അവതരിപ്പിച്ച പുതിയ ബില്ലുകളാണ് സഭ പാസാക്കിയത്. ഐപിസി, സിആർപിസി, ഇന്ത്യൻ എവിഡൻസ് ആക്റ്റ് 1872 എന്നിവ പുനഃപരിശോധിക്കുന്നതിന് നിർദേശങ്ങൾ നൽകുന്നതിനായി 2020 മാർച്ചിൽ കേന്ദ്ര സർക്കാർ ഒരു ക്രിമിനൽ നിയമ പരിഷ്കരണ സമിതി രൂപീകരിച്ചിരുന്നു.