കളമശ്ശേരിയില്‍ പിടികൂടിയ പഴകിയ കോഴിയിറച്ചിയില്‍ ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യം

Jaihind Webdesk
Saturday, January 21, 2023

എറണാകുളം:  കളമശ്ശേരിയിൽ നഗരസഭ ആരോഗ്യ വിഭാഗം പിടിച്ച പഴകിയ കോഴിയിറച്ചിയില്‍ അപകടകാരിയായ ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യം. ഭക്ഷ്യസുരക്ഷാവകുപ്പ് റീജ്യണല്‍ അനലറ്റിക്കല്‍ ലാബില്‍ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. പരിശോധനാ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ പ്രൊസിക്യൂഷന്‍ നടപടികളിലേക്ക് നീങ്ങാനൊരുങ്ങുകയാണ് ഭക്ഷ്യസുരക്ഷാവകുപ്പ്.

ഇക്കഴിഞ്ഞ 12നാണ് കളമശേരി നഗരസഭാപരിധിയിലെ കൈപ്പടമുകളിലെ വാടകവീട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ച അനധികൃത ഇറച്ചി വില്‍പനശാലയില്‍ നിന്നാണ് അഞ്ഞൂറ് കിലോയിലധികം വരുന്ന പഴകിയ കോഴിയിറച്ചി പിടിച്ചെടുത്തത്. ഇറച്ചി പിടിച്ചതിന് പിന്നാലെ വ്യാപക പ്രതിഷേധം ഉയർന്നതിനെ തുടർന്ന് ഇവിടെ നിന്നും ഇറച്ചി വിതരണം ചെയ്ത എറണാകുളം ജില്ലയിലെ വിവിധ സ്ഥാപനങ്ങളുടെ പേര് വിവരങ്ങൾ ആരോഗ്യ വകുപ്പ് പുറത്ത് വിട്ടിരുന്നു.