തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് മുന്നൊരുക്കം; കോൺഗ്രസ് മലപ്പുറം ജില്ലാ എക്സിക്യൂട്ടീവ് ക്യാമ്പ് നാളെ

Jaihind Webdesk
Tuesday, August 27, 2024

 

മലപ്പുറം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന്‍റെ മുന്നൊരുക്കത്തിനായി കെപിസിസിയുടെ നിർദ്ദേശപ്രകാരം കോൺഗ്രസ് മലപ്പുറം ജില്ലാ സെൻട്രൽ എക്സിക്യൂട്ടീവ് ക്യാമ്പ് ബുധനാഴ്ച പെരിന്തൽമണ്ണയിൽ നടക്കും. രാവിലെ 10 മണിക്ക് ഡിസിസി പ്രസിഡന്‍റ് വി.എസ്. ജോയ് പതാക ഉയർത്തി ആരംഭിക്കുന്ന ക്യാമ്പ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും.

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് മുന്നോടിയായി കെപിസിസി രൂപപ്പെടുത്തിയ മിഷൻ 2025 പ്രവർത്തനരേഖ ക്യാമ്പിൽ പ്രതിപക്ഷ നേതാവ് അവതരിപ്പിക്കും. കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം എ.പി. അനിൽകുമാർ എംഎൽഎ, ജില്ലയുടെ ചുമതലയുള്ള മുതിർന്ന നേതാവ് എം.കെ. രാഘവൻ, കെപിസിസി വർക്കിംഗ് പ്രസിഡന്‍റ് ടി. സിദ്ദിഖ്, കെപിസിസി ഇൻചാർജ് പി.എ. സലിം തുടങ്ങിയവർ പങ്കെടുക്കും. ജില്ലയിലെ കെപിസിസി ഭാരവാഹികൾ, മെമ്പർമാർ, ഡിസിസി ഭാരവാഹികൾ,ബ്ലോക്ക് പ്രസിഡന്‍റുമാർ, മുൻ ബ്ലോക്ക് പ്രസിഡന്‍റുമാർ, മണ്ഡലം പ്രസിഡന്‍റുമാർ, പോഷക സംഘടന ജില്ലാ പ്രസിഡന്‍റുമാർ തുടങ്ങിയവർ ക്യാമ്പിൽ പങ്കെടുക്കും.

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന് മുന്നോടിയായി വിപുലമായ മുന്നൊരുക്കമാണ് കോൺഗ്രസ് നടത്തുന്നത്. കഴിഞ്ഞമാസം നടത്തേണ്ടിയിരുന്ന ക്യാമ്പ് പ്രളയത്തെ തുടർന്നാണ് മാറ്റിവെച്ചത്. ജില്ലാ തലത്തിലെ ക്യാമ്പിന് ശേഷം സെപ്റ്റംബർ പത്തിനുള്ളിൽ നിയോജകമണ്ഡലം ക്യാമ്പുകളും സെപ്റ്റംബർ 20-നുള്ളിൽ മണ്ഡലം ക്യാമ്പുകളും പൂർത്തിയാക്കി സെപ്റ്റംബർ 30-ന് മുമ്പായി വാർഡ് കമ്മിറ്റികളുടെ രൂപീകരണം പൂർത്തീകരിക്കാനാണ് തീരുമാനിച്ചിട്ടുള്ളതെന്ന് ഡിസിസി പ്രസിഡന്‍റ് വി.എസ്. ജോയ് പറഞ്ഞു.