പ്രേംനസീർ സ്മൃതി -2023 ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു; ചലച്ചിത്രശ്രേഷ്ഠ പുരസ്ക്കാരം കുഞ്ചന്, നടന്‍-അലന്‍സിയര്‍, നടി-ഗ്രേസ് ആന്‍റണി

Jaihind Webdesk
Thursday, December 22, 2022

തിരുവനന്തപുരം : പ്രേംനസീർ സ്മൃതി -2023 -ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. പ്രേംനസീർ ചലച്ചിത്രശ്രേഷ്ഠ പുരസ്ക്കാരത്തിന് നടൻ കുഞ്ചനും പ്രേംനസീർ കർമ്മതേജസ് പുരസ്ക്കാരത്തിന് ഗോപിനാഥ് മുതുകാടും അർഹരായി. അപ്പന്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് അലന്‍സിയര്‍ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു. അപ്പന്‍, റോഷാക്ക്, എന്നീ ചിത്രങ്ങളിലെ പ്രകടനത്തിലൂടെ ഗ്രേസ് ആന്‍റണി മികച്ച നടിയായി.

പ്രേംനസീറിന്‍റെ 34-മത് ചരമവാർഷിക ദിനത്തോടനുബന്ധിച്ച് ജനുവരി 16ന് പൂജപ്പുര ചിത്തിര തിരുനാൾ ഓഡിറ്റോറിയത്തിൽ വച്ച് വൈകുന്നേരം 5 മണിക്ക് നടക്കുന്ന ചടങ്ങിൽ അവാർഡുകൾ വിതരണം ചെയ്യും. പ്രേംനസീർ സുഹൃത് സമിതിയും ഉദയസമുദ്രയും ചേര്‍ന്ന് നടത്തുന്ന അഞ്ചാമത് ചലച്ചിത്ര പുരസ്കാര ദാനമാണിത്.

മറ്റ് പുരസ്കാരങ്ങള്‍

മികച്ച ചിത്രം – അപ്പൻ, മികച്ച സംവിധായകൻ – തരുൺ മൂർത്തി (ചിത്രം – സൗദി വെള്ളക്ക), മികച്ച സഹ നടി – ശ്രീലക്ഷ്മി (ചിത്രം – കൊത്ത് ), മികച്ച സഹനടൻ – കുഞ്ഞികൃഷ്ണൻ മാഷ് (ചിത്രം ന്നാ താൻ കേസ് കൊട്), മികച്ച തിരക്കഥാകൃത്ത് – ഷാരിസ് മുഹമ്മദ് (ചിത്രം – ജനഗണമന), മികച്ച ഛായാഗ്രാഹകൻ – അനീഷ്‌ ലാൽ ആർ എസ് (ചിത്രം – രണ്ട് ), മികച്ച ഗായകൻ – പന്തളം ബാലൻ (ചിത്രം – പത്തൊൻപതാം നൂറ്റാണ്ട് , ഗാനം – പറവ പാറണ കണ്ടാരേ …..), മികച്ച ഗായിക – ആവണി മൽഹാർ (ചിത്രം കുമാരി, ഗാനം – മന്ദാരപ്പൂവ്വേ ……), മികച്ച ഗാനരചയിതാവ് – അജയ് വെള്ളരിപ്പണ (ചിത്രം -റെഡ് ഷാഡോ , ഗാനം – അകലേയ്ക്കു പോകയോ……), മികച്ച സംഗീത സംവിധായകൻ – അർജുൻ രാജ്കുമാർ (ചിത്രം – ശുഭദിനം, ഗാനം – പതിയേ നൊമ്പരം കടലേറിയോ ……), മികച്ച പി ആർ ഓ – അജയ് തുണ്ടത്തിൽ (വിവിധ ചിത്രങ്ങൾ), സ്പെഷ്യൽ ജൂറി പുരസ്കാരം – സംവിധാനം -ബിജിത് ബാല (ചിത്രം – പടച്ചോനെ ഇങ്ങള് കാത്തോളീൻ), മനോജ് പാലോടൻ (ചിത്രം സിഗ്‌നേച്ചർ ), അഭിനയം – ദേവി വർമ്മ (ചിത്രം – സൗദി വെള്ളക്ക), സംഗീതം – നിഖിൽ പ്രഭ .

തിരുവനന്തപുരം പ്രസ് ക്ലബിൽ നടന്ന പത്രസമ്മേളനത്തിലാണ് പുരസ്ക്കാരപ്രഖ്യാപനം നടന്നത്. ചലച്ചിത്ര സംവിധായകൻ ടി എസ്‌ സുരേഷ് ബാബു, ചലച്ചിത്ര നടൻ വഞ്ചിയൂർ പ്രവീൺകുമാർ , പ്രേംനസീർ സുഹൃത് സമിതി സംസ്ഥാന സെക്രട്ടറി തെക്കൻ സ്റ്റാർ ബാദുഷ, പ്രസിഡന്‍റ് പനച്ചമൂട് ഷാജഹാൻ തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.