കൊല്ലത്ത് ഹാട്രിക് വിജയം തേടി പ്രേമചന്ദ്രന്‍; പ്രചാരണ പരിപാടികള്‍ക്ക് തുടക്കമായി

Jaihind Webdesk
Sunday, March 3, 2024

 

കൊല്ലം: തുടർച്ചയായ മൂന്നാം തവണയും യുഡിഎഫ് ക്യാമ്പിൽ നിന്ന് കൊല്ലം പാർലമെന്‍റ് മണ്ഡലത്തിൽ ജനവിധി തേടുന്ന എൻ.കെ. പ്രേമചന്ദ്രൻ എം പി യുടെ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. ചരിത്ര വിജയം ആവർത്തിക്കാൻ കളം നിറഞ്ഞ പ്രേമചന്ദ്രന്‍റെ തിരഞ്ഞെടുപ്പ് പ്രചരണ പരിപാടികൊല്ലം ചിന്നക്കടയിൽ യുഡിഎഫ് ജില്ലാ ചെയർമാൻ കെ.സി. രാജൻ ഉദ്ഘാടനം ചെയ്തു.

നാലുതവണ പാർലമെന്‍റ് അംഗവും ഒരു പ്രാവശ്യം രാജ്യസഭാംഗവും മന്ത്രിയുമായിരുന്ന എൻ.കെ. പ്രേമചന്ദ്രൻ എംപി തുടർച്ചയായ മൂന്നാം തവണയാണ് യുഡിഎഫ് ക്യാമ്പിൽ നിന്നും കൊല്ലം മണ്ഡലത്തിൽ ജനവിധി തേടുന്നത്. 2014-ൽ പതിനാറാം ലോക്സഭയിലേയ്ക്കുള്ള തിരഞ്ഞെടുപ്പ് വേളയിലാണ് ആർഎസ്പി, യുഡിഎഫ് ക്യാമ്പിലേക്കെത്തുന്നത്. എൻ.കെ. പ്രേമചന്ദ്രനിലൂടെ സിപിഎം പോളിറ്റ് ബ്യുറോ അംഗമായിരുന്ന എം.എ. ബേബിയെ പരാജയപ്പെടുത്തി യുഡിഎഫ് കൊല്ലം മണ്ഡലത്തിലെ ജൈത്രയാത്ര തുടരുകയായിരുന്നു.

2019-ൽ കെ.എൻ. ബാലഗോപാലിനെ ഒന്നര ലക്ഷത്തിലേറെ വോട്ടുകൾക്ക് പരാജയപ്പെടുത്തി പ്രേമചന്ദ്രൻ വീണ്ടും കൊല്ലത്ത് ചരിത്ര വിജയം നേടി. ഹാട്രിക് വിജയം തേടി വീണ്ടും കളത്തിലിറങ്ങിയ പ്രേമചന്ദ്രൻ ഇക്കുറി എം. മുകേഷ്എംഎൽഎയെ ആണ് കൊല്ലത്ത് നേരിടുന്നത്. മണ്ഡലത്തിൽ നിറഞ്ഞുനിൽക്കുന്ന മികച്ച പാർലമെന്‍റേറിയനായ എൻ.കെ. പ്രേമചന്ദ്രൻ എംപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾക്ക് തുടക്കമായി. കൊല്ലം ചിന്നക്കടയിൽ യുഡിഎഫ് ജില്ലാ ചെയർമാൻ കെ.സി. രാജൻ പ്രചാരണ പരിപാടി ഉദ്ഘാടനം ചെയ്തു.

വ്യക്തിഹത്യ രാഷ്ട്രീയത്തിലൂടെ സിപിഎമ്മും സൈബർ പോരാളികളും തനിക്കെതിരെ മണ്ഡലത്തിൽ നടത്തുന്ന തരംതാണ പ്രചാരണ ശൈലിയെ തുറന്നുവിമർശിച്ചു കൊണ്ടാണ് പ്രേമചന്ദ്രൻ പ്രചാരണം തുടരുന്നത്. കശുവണ്ടിയും കയറും മത്സ്യബന്ധനവും ഉൾപ്പെടെ പരമ്പരാഗത തൊഴിലാളികളുടെ ഈറ്റില്ലമായ കൊല്ലത്ത് മറ്റൊരു ചരിത്രവിജയം തേടി
പ്രേമചന്ദ്രനും യുഡിഎഫും കളം നിറയുകയാണ്.