മലയാളത്തിന്‍റെ നിത്യഹരിത നായകൻ വിടവാങ്ങിയിട്ട് ഇന്ന് മുപ്പത് വർഷം

Jaihind Webdesk
Wednesday, January 16, 2019

Prem-Nazeer

മലയാളത്തിന്റെ നിത്യഹരിത നായകൻ പ്രേം നസീർ വിടവാങ്ങിയിട്ട് ഇന്ന് മുപ്പത് വർഷം. മൂന്ന് പതിറ്റാണ്ട് പിന്നിട്ടിട്ടും കാലാതി വർത്തിയായ ഇതിഹാസം പോലെ പ്രേം നസീർ ഇന്നും ഓർമ്മകളിൽ സുഗന്ധ സ്മൃതിയാകുന്നു.

ഇന്നും പ്രേംനസീറിനെ ഓർക്കാതെ ഒരു ദിനവും മലയാളിക്ക് കടന്ന് പോകാനാകില്ല. അദ്ദേഹം ലോകത്തോട് വിട വാങ്ങിയിട്ട് മൂന്ന് പതിറ്റാണ്ട് പിന്നിട്ടെങ്കിലും പ്രേംനസീർ അഭിനയിച്ച ചിത്രങ്ങളും ഗാനരംഗങ്ങളും ഇന്നും മലയാളികൾ നെഞ്ചേറ്റുന്നു.

PremNazeer-Family

ചിറയിൻകീഴുകാരൻ അബ്ദുൽഖാദർ എന്ന പ്രതിഭക്ക് പ്രേംനസീർ എന്ന് പേര് നൽകിയത് തിക്കുറിശി സുകുമാരൻ നായർ എന്ന സകല കലാ വല്ലഭനാണ്. 1951 ൽ പുറത്തിറങ്ങിയ മരുമകനിലൂടെയാണ് നസീർ അഭ്രപാളിയിലേയ്ക്ക് എത്തുന്നത്. തുടർന്ന് മൂന്ന് പതിറ്റാണ്ടുകൾ അദ്ദേഹം മലയാള സിനിമയെ അടക്കി വാണു. നായകനായി ഗിന്നസ് റെക്കോർഡ് നേടി.

PremNazeer-Sheela
ലോകത്ത് ഏറ്റവും അധികം ചിത്രങ്ങളിൽ ഒരേ നായികയ്‌ക്കൊപ്പം നായകവേഷം ചെയ്തു എന്ന റെക്കോർഡ് പ്രേംനസീറിന് സ്വന്തം. 107 ചിത്രത്തിൽ ഒരുമിച്ച് അഭിനയിച്ചാണ് നസീർ-ഷീല ജോഡി ഗിന്നസ് റെക്കോഡ് സ്വന്തമാക്കിയത്.

Prem-Nazeer

800 ഓളം സിനിമകളിലാണ് പുരുഷ സൗന്ദര്യത്തിന്റെ പ്രതിരൂപമായി നസീർ അഭിനയിച്ച് തകർത്തത്. എൺപതിലധികം നായികമാർ. കച്ചവട സിനിമകളിലെ നിറസാന്നിധ്യവും വിജയ രഹസ്യവുമായി ഗ്ലാമർ താരമായി വാഴുമ്പോഴും എം.ടി.യുടെ ഇരുട്ടിന്റെ ആത്മാവിലെ ഭ്രാന്തന്റെ കഥാപാത്രത്തെ പ്രേംനസീർ അനശ്വരനാക്കി. ഹിറ്റുകളുടെ തോഴനായി സിനിമാ രംഗത്ത് കത്തി നിൽക്കുമ്പോഴും തന്റെ പ്രതിഫലം ഉയർത്താതെ മാതൃകയായി അദ്ദേഹം. സഹപ്രവർത്തകർക്ക് സ്‌നേഹത്തിന്റെയും അർപ്പണ മനോഭാവത്തിന്റെയും ത്യാഗത്തിന്റെയും പര്യായമായി അദ്ദേഹം മാറിയതും അതുകൊണ്ട് തന്നെ.

Prem-Nazeer-Heroines

മലയാളത്തിൽ ഒരു പക്ഷെ ഏറ്റവുമധികം ഹിറ്റ് ഗാനങ്ങൾക്ക് ചുണ്ടനക്കിയ നായകനും പ്രേംനസീർ തന്നെയാണ്. മലയാളത്തിൽ താരത്തിളക്കം എന്ന വാക്കിന്റെ ആദ്യ പര്യായമായിരുന്നു പ്രേംനസീർ.

PremNazeer-Heroine

672 ഓളം മലയാളം സിനിമകൾക്ക് പുറമെ 56 തമിഴ് ചിത്രങ്ങളിലും 21 തെലുങ്ക് ചിത്രങ്ങളിലും 32 കന്നഡ ചിത്രങ്ങളിലും നസീർ അഭിനയിച്ചു . 1989 ജനുവരിയിൽ അറുപത്തി ഒന്നാം വയസ്സിൽ നസീർ വിട പറഞ്ഞപ്പോൾ മലയാള സിനിമയുടെ അഴകിന്റെ കാലഘട്ടത്തിനാണ് തിരശീല വീണത്. ഒരു നടൻ എന്ന നിലയിൽ മാത്രമല്ല മനുഷ്യസ്‌നേഹി എന്ന നിലയിലും ആ മഹാ കലാകാരനെ ചരിത്രം ഓർക്കും. താരങ്ങൾ ഒരിക്കൽ പൊലിയുമെന്നത് പ്രപഞ്ച സത്യം. എന്നാൽ യഥാർത്ഥ കലാകാരൻമാർ എന്നും ഈ ഭൂമിയിൽ അനശ്വരരായി തന്നെ പ്രേക്ഷക ഹൃദയങ്ങളിൽൽ നിലനിൽക്കും. പ്രേംനസീർ ഓരോ മലയാളിയുടേയും മനസിൽ തിളക്കം മാറാത്ത താരമായി ശോഭയടെ എന്നും നിലനിൽക്കും.