ഗര്‍ഭിണികള്‍ക്കും കൊവിഡ് വാക്സിന്‍ സ്വീകരിക്കാം ; അറിയിപ്പുമായി കേന്ദ്രം

Jaihind Webdesk
Friday, July 2, 2021

ന്യൂഡല്‍ഹി : കൊവിഡ് പ്രതിരോധ വാക്സിന്‍ ഗര്‍ഭിണികള്‍ക്കും സ്വീകരിക്കാമെന്ന അറിയിപ്പുമായി കേന്ദ്രം. കോവിന്‍ വെബ്സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്തോ വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ നേരിട്ടെത്തിയോ കുത്തിവെപ്പ് എടുക്കാവുന്നതാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

വാക്‌സിന്‍ പരീക്ഷണങ്ങളില്‍ ഗര്‍ഭിണികളെ ഉള്‍പ്പെടുത്താത്തതിനാല്‍ ഗര്‍ഭിണികള്‍ക്ക് വാക്‌സിന്‍ സുരക്ഷിതമാണോ എന്ന കാര്യത്തില്‍ വ്യക്തമായ വിവരങ്ങളില്ല. ഇതിന്‍റെ പശ്ചാത്തലത്തില്‍ ഗര്‍ഭിണികള്‍ക്ക് വാക്‌സിന്‍ വിതരണം ചെയ്യേണ്ടെന്ന നിലപാടാണ് തുടക്കത്തില്‍ കേന്ദ്രം സ്വീകരിച്ചത്. എന്നാല്‍ ഗര്‍ഭിണികളെ വാക്‌സിന്‍ വിതരണത്തില്‍ നിന്ന് ഒഴിവാക്കരുതെന്നാണ് നാഷണല്‍ ടെക്‌നിക്കല്‍ അഡ്വൈസറി ഗ്രൂപ്പ് ഓണ്‍ ഇമ്യൂണൈസേഷന്‍ ശുപാര്‍ശ ചെയ്തത്. വാക്‌സിനെടുത്താലുണ്ടാകുന്ന വെല്ലുവിളിയേക്കാള്‍ അതെടുത്താലുണ്ടാകുന്ന പ്രയോജനത്തിനാണ് മുന്‍തൂക്കം നല്‍കേണ്ടതെന്നായിരുന്നു വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞ അഭിപ്രായം.

നിലവിലെ കൊവിഡ് സാഹചര്യം ഗര്‍ഭിണികള്‍ക്ക് വെല്ലുവിളികള്‍ സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് നയം തിരുത്താന്‍ കേന്ദ്രം തയാറാവുന്നത്. ഗര്‍ഭിണികള്‍ക്ക് വാക്‌സിന്‍ സ്വീകരിക്കാന്‍ സാധിക്കുമെന്നും എടുക്കണമെന്നും കേന്ദ്രം അറിയിച്ചു. വാക്‌സിന്‍ ഗര്‍ഭിണികള്‍ക്ക് വിതരണം ചെയ്യുന്നതിനുളള മാര്‍ഗനിര്‍ദേശങ്ങള്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം നല്‍കിയിട്ടുണ്ട്.