
കണ്ണൂര്‍: അഴീക്കോട് മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്കായി സര്‍ക്കാര്‍ സംവിധാനമായ പിആര്‍ഡി വാര്‍ത്താക്കുറിപ്പ് ഇറക്കിയ സംഭവത്തില്‍ ഉദ്യോഗസ്ഥനെതിരെ നടപടി. സംഭവത്തില്‍ ഉത്തരവാദിയായ ഉദ്യോഗസ്ഥനെ കണ്ണൂര്‍ ജില്ലാ കളക്ടര്‍ സസ്പെന്‍ഡ് ചെയ്തു. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ റിപ്പോര്‍ട്ട് തേടിയതിന് പിന്നാലെയാണ് തിരഞ്ഞെടുപ്പ് ചട്ടലംഘനം നടന്നെന്ന പ്രാഥമിക കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിച്ചത്.
കണ്ണൂര്‍ അഴീക്കോട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ.വി. സുമേഷിന് വേണ്ടി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് വാര്‍ത്താക്കുറിപ്പ് ഇറക്കിയതാണ് വിവാദമായത്. അഴീക്കോട് എല്‍ഡിഎഫ് മണ്ഡലം സെക്രട്ടറിയായ സി.പി.എം നേതാവ് യുഡിഎഫ് പ്രവര്‍ത്തകര്‍ക്കെതിരെ നല്കിയ പരാതിയാണ് സര്‍ക്കാരിന്റെ ഔദ്യോഗിക വാര്‍ത്താക്കുറിപ്പ് എന്ന നിലയില്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയത്. പിആര്‍ഡിയുടെ ഔദ്യോഗിക വാട്സ്ആപ്പ് ഗ്രൂപ്പുകള്‍ വഴിയും ഇമെയില്‍ വഴിയുമാണ് ഈ വാര്‍ത്താക്കുറിപ്പ് പ്രചരിപ്പിച്ചത്.
സ്ഥാനാര്‍ത്ഥിയായ കെ.വി. സുമേഷിനെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ യുഡിഎഫ് തെരുവ് പ്രസംഗങ്ങള്‍ നടത്തുന്നു എന്ന പരാതി എല്‍ഡിഎഫ് ജില്ലാ കളക്ടര്‍ക്ക് നല്‍കിയിരുന്നു. ഈ പരാതി നല്കി എന്ന വിവരമാണ് പിആര്‍ഡി പ്രസ് റിലീസ് ആയി പ്രസിദ്ധീകരിച്ചത്. സര്‍ക്കാരിന്റെ ഔദ്യോഗിക വാര്‍ത്തകള്‍ മാത്രം നല്‍കേണ്ട പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റ് ഒരു മുന്നണി സ്ഥാനാര്‍ത്ഥിയുടെ പ്രചരണത്തിനായി ഉപയോഗിക്കപ്പെട്ടത് ഗുരുതരമായ ചട്ടലംഘനമാണെന്ന് കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് മാര്ട്ടിന് ജോര്‍ജ് പറഞ്ഞു.
രാഷ്ട്രീയ പാര്‍ട്ടികള്‍ നല്കുന്ന പരാതികള്‍ ഔദ്യോഗിക വാര്‍ത്താക്കുറിപ്പായി പ്രസിദ്ധീകരിക്കുന്നത് കേട്ടുകേള്‍വിയില്ലാത്ത കാര്യമാണെന്നും ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നും ഡിസിസി പ്രസിഡന്റ് ആവശ്യപ്പെട്ടിരുന്നു. ജില്ലാ വരണാധികാരി കൂടിയായ കളക്ടറുടെ കീഴിലുള്ള ഓഫിസില്‍ നിന്ന് ഇത്തരമൊരു വീഴ്ച ഉണ്ടായത് തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും ആരോപണമുയര്‍ന്നു. സംഭവത്തില്‍ അന്വേഷണം തുടരുകയാണ്.