കോണ്‍ഗ്രസിലെ സൗമ്യ മുഖം; രാഷ്ട്രീയ സംശുദ്ധതയിലും സത്യസന്ധതയിലും കണിശത പുലർത്തിയ നേതാവ്

Jaihind Webdesk
Saturday, June 4, 2022

 

കൊല്ലം: വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ കടന്നുവന്ന് കേരള രാഷ്ട്രീയത്തിൽ തനത് വ്യക്തിമുദ്ര പതിപ്പിച്ച നേതാവായിരുന്നു പ്രയാർ ഗോപാലകൃഷ്ണൻ. ശബരിമല യുവതീ പ്രവേശന വിഷയത്തിൽ വിശ്വാസ സമൂഹത്തിനൊപ്പം നിന്ന് സമരവും നിയമ പോരാട്ടവും നടത്തിയ പ്രയാർ ഏറെക്കാലം തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റായിരുന്നു.

കൊല്ലം ജില്ലയിലെ ഓച്ചിറ പ്രയാറിൽ ജനിച്ച കോൺഗ്രസിന്‍റെ സൗമ്യമുഖമായിരുന്ന പ്രയാർ ഗോപാലകൃഷ്ണൻ. വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെയാണ് കേരള രാഷ്ട്രീയത്തിൽ ചുവടുറപ്പിച്ചത്. കെഎസ്‌യു കൊല്ലം ജില്ലാ പ്രസിഡന്‍റായിരുന്ന അദ്ദേഹം പിന്നീട് യൂത്ത് കോൺഗ്രസിന്‍റെയും ജില്ലയിലെ അമരക്കാരനായി. കോൺഗ്രസിന്‍റെ വിവിധ സംഘടനാ ചുമതലകൾ വഹിച്ച അദ്ദേഹം 18 വർഷം മിൽമയുടെ ചെയർമാനായിരുന്നു. ക്ഷീര കർഷകരുടെ ഉന്നമനത്തിനും ക്ഷേമ പ്രവർത്തനങ്ങൾക്കും പര്യാപ്തമായ ഒട്ടനവധി പദ്ധതികൾ നടപ്പിലാക്കിയ അദേഹമാണ് മിൽമയ്ക്ക് ശക്തമായ അടിത്തറ പാകിയത്. തകർച്ചയിൽ നിന്ന് കൈ പിടിച്ചു മിൽമയെ വിജയപഥത്തിലെത്തിക്കുന്നതിൽ പ്രയാർ വഹിച്ച പങ്ക് ചെറുതല്ല.

2001 ചടയമംഗലം എന്ന മലയോര മണ്ഡലത്തിലെ ഇടത് കോട്ട തകർത്തു യുഡിഎഫ് ആധിപത്യമുറപ്പിച്ച് അദ്ദേഹം നിയമസഭയിലേക്കെത്തി. തുടർന്നങ്ങോട്ട് മണ്ഡലത്തിന്‍റെ വികസനത്തിന് നിരവധി പദ്ധതികൾ അദ്ദേഹം നടപ്പിലാക്കി. മലയോര മണ്ഡലത്തെ വികസന പന്ഥാവിലേക്ക് കൈപിടിച്ചുയർത്തി.

തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റായിരുന്ന അദ്ദേഹം ശബരിമല യുവതീ പ്രവേശന വിഷയത്തിൽ വിശ്വാസി സമൂഹത്തിനൊപ്പം നിന്ന് സമരവും നിയമ പോരാട്ടവും നടത്തി മുൻ നിര പോരാളിയായി. ശബരിമല വിഷയത്തിൽ കോൺഗ്രസിന്‍റേയും യുഡിഎഫിന്‍റേയും ഉറച്ച നിലപാടും ശബ്ദവുമായി പട നയിച്ചത് പ്രയാർ ഗോപാലകൃഷ്ണനായിരുന്നു. കോൺഗ്രസിന്‍റെ സൗമ്യതയുടെ പ്രതീകമായിരുന്ന പ്രയാർ ഗോപാലകൃഷ്ണന്‍റെ വേർപാടിലൂടെ കേരള രാഷ്ട്രീയത്തിന് ദീർഘവീക്ഷണമുള്ള കർമ്മ നിരതനായ ഒരു നേതാവിനെക്കൂടി നഷ്ടമാവുകയാണ്.