‘പ്രവാസി ഭാരതീയ സഹായത കേന്ദ്രം’ ഇനി ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റില്‍; നടത്തിപ്പ് സ്വകാര്യ എജന്‍സിയില്‍ നിന്നും കോണ്‍സുലേറ്റ് ഏറ്റെടുത്തു ; ഷാര്‍ജ കേന്ദ്രം ഇനി തുറക്കില്ല

B.S. Shiju
Sunday, November 1, 2020

ദുബായ് : ഇന്ത്യക്കാരായ പ്രവാസി തൊഴിലാളികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന, പ്രവാസി ഭാരതീയ സഹായത കേന്ദ്രത്തിന്‍റെ നടത്തിപ്പ്, ഇന്ത്യന്‍ കോണ്‍സുലേറ്റ് നേരിട്ട് ഏറ്റെടുത്തു. ഇതോടെ, നേരത്തെ, ദുബായ് ജുമൈറ ലെയ്ക്ക് ടവറില്‍ പ്രവര്‍ത്തിച്ചിരുന്ന ഓഫീസ് കോണ്‍സുലേറ്റിലേക്ക് മാറ്റി. സ്വകാര്യ എജന്‍സിക്ക് കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന, പഴയ ഓഫീസിലേക്കുള്ള ദൂര കൂടുതല്‍, സാധാരണക്കാരായ തൊഴിലാളികള്‍ക്കിടയില്‍ പരാതിയ്ക്ക് വഴിവെച്ചിരുന്നു.

പഴയ ‘ഐ ഡബ്‌ള്യൂ ആര്‍ സി’ പേരുമാറ്റിയത്

ഇന്ത്യന്‍ വര്‍ക്കേഴ്‌സ് റിസോഴ്‌സ് സെന്‍റര്‍ അഥവാ, ഐ ഡബ്‌ള്യൂ ആര്‍ സി എന്ന പേരില്‍, നേരത്തെ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യു പി എ സര്‍ക്കാര്‍ ആരംഭിച്ച സേവന കേന്ദ്രമാണ്, ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍, പേര് മാറ്റിയത്. പ്രവാസി ഭാരതീയ സഹായത കേന്ദ്ര , എന്ന പേരിലേക്കാണ് മാറ്റിയത്. എന്നാല്‍, ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ നിന്ന് അമ്പത് കിലോമീറ്ററലധികം ദൂരമുള്ള നഗരമായ (ദുബായ് മറീന മേഖല) ജുമൈറ ലേയ്ക്ക് ടവര്‍ എന്ന ജെ.എല്‍.ടിയിലാണ് ഇത് പ്രവര്‍ത്തിച്ചിരുന്നത്.

‘ദുരിതം പേറി വരുന്നവര്‍ക്ക് വീണ്ടും ദൂരയാത്ര’ 

ബസ് ഇല്ലെങ്കില്‍ ടാക്‌സിയും മെട്രോയും ട്രാം സര്‍വീസും മറ്റും ഉപയോഗിച്ച്  എത്തിച്ചേരേണ്ട സ്ഥലമായിരുന്നു ഇത്. ഇവിടേക്ക് എളുപ്പത്തിലുള്ള വാഹന സൗകര്യം ഇല്ലാത്തതിനാല്‍, ഇത് തൊഴിലാളികള്‍ക്കിടയില്‍, വലിയ പരാതിയ്ക്ക് വഴിവെച്ചിരുന്നു. ഇപ്രകാരം ദുരിതം പേറി വരുന്നവര്‍ വീണ്ടും ദൂരയാത്ര ചെയ്യേണ്ട അവസ്ഥയാണെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു.

പുതിയ കേന്ദ്രം കേരള പിറവി ദിനത്തില്‍

കേരള പിറവി ദിനമായ നവംബര്‍ ഒന്നു മുതല്‍ ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിക്ക് മാറ്റി സ്ഥാപിച്ചത്. യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതി പവന്‍ കപൂര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. കോണ്‍സല്‍ ജനറല്‍ ഡോ. അമന്‍ പുരി ഉള്‍പ്പടെയുള്ളവര്‍ ചടങ്ങില്‍ സംബന്ധിച്ചു. പ്രവാസികളായ ഇന്ത്യക്കാരുടെ തൊഴില്‍, നിയമ, കുടുംബപരവുമായ വിഷയങ്ങളില്‍  കൗണ്‍സിലിങ് സേവനങ്ങള്‍ ഉള്‍പ്പടെ കോണ്‍സുലേറ്റിന് കീഴിലെ, ഈ പുതിയ സെന്‍ററില്‍ ലഭ്യമാണ്. മലയാളം ഉള്‍പ്പടെ വിവിധ ഭാഷകളില്‍ സേവനം ഉറപ്പാക്കും. എല്ലാ ദിവസവും രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ആറു വരെ കേന്ദ്രം പ്രവര്‍ത്തിക്കും. ജെ എല്‍ ടിയില്‍ ഉള്ളപ്പോള്‍ സേവന സമയം ഇതിലും കുറവായിരുന്നു. മാത്രവുല്ല, നേരത്തെ, ഒരു സ്വകാര്യ എജന്‍സിക്ക് കീഴിലായിരുന്ന സേവന കേന്ദ്രം. ഇതാണ് ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ് ഏറ്റെടുത്തത്.

മുന്‍കൂട്ടി അപോയ്‌മെന്‍റ് ബുക്ക് ചെയ്യാം

800 46342 ( ഇന്ത്യ ) എന്ന ടോള്‍ ഫ്രീ നമ്പറില്‍ വിളിച്ച്  മുന്‍കൂട്ടി അപോയ്‌മെന്‍റ് ബുക്ക് ചെയ്യാനും സൗകര്യമുണ്ട്. അതേസമയം, ഷാര്‍ജ ബുര്‍ജ് 2000 എന്ന കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന, പ്രവാസി ഭാരതീയ സഹായത കേന്ദ്രത്തിന്‍റെ ഷാര്‍ജ കേന്ദ്രം ഇനി തല്‍ക്കാലം ഉണ്ടാകില്ലെന്നും അധികൃതര്‍ അറിയിച്ചു. ഇതോടെ, വടക്കന്‍ നഗരത്തില്‍ നിന്നുള്ളവരും ഇനി ദുബായിലേക്ക് യാത്ര ചെയ്ത് വരണം.