പ്രതിഭയുടെ മകന്റെ കഞ്ചാവ് കേസ് അന്വേഷണ സംഘത്തെ മാറ്റി; ഇനി സ്‌പെഷ്യല്‍ സ്‌ക്വാഡ്

Jaihind News Bureau
Tuesday, March 25, 2025

എക്‌സൈസിന്റെ എംഎല്‍എ പേടി തുടരുന്നു. കഞ്ചാവുമായി പിടിയിലായവരില്‍ എംഎല്‍ എയുടെ മകനും ഉള്‍പ്പെട്ടതോടെ രാഷ്ട്രീയക്കളി തുടരുന്ന കേസ് പുതിയ സംഘത്തിനു കൈമാറുന്നു. യു പ്രതിഭയുടെ മകന്‍ ഉള്‍പ്പെട്ട കഞ്ചാവു കേസില്‍ അന്വേഷണം ഇനി എക്‌സൈസ് നര്‍ക്കോട്ടിക്‌സ് സ്‌പെഷ്യല്‍ സ്‌ക്വാഡ് നടത്തും.കുട്ടനാട് എക്‌സെസ് റേഞ്ചില്‍നിന്നാണ് കേസ് മാറ്റുന്നത്.

കേസില്‍ മകന്‍ ഉള്‍പ്പെട്ടതോടെ എംഎല്‍ എ ശക്തമായി ഇതില്‍ ഇടപെട്ടതായി ആരോപണമുണ്ട്. എക്‌സൈസിനെ മറികടന്ന് അന്നു തന്നെ കേസില്‍ മകന്‍ ഉള്‍പ്പെട്ടിട്ടില്ല എന്ന് സാമൂഹ്യമാദ്ധ്യമങ്ങളില്‍ കുറിച്ചു. ഉദ്യോഗസ്ഥര്‍ക്കെതിരേ പ്രതികരണവുമായി എത്തുകയും ചെയ്തു. തുടര്‍ന്ന് കേസെടുത്ത ഉദ്യോഗസ്ഥനെ സ്ഥലം മാററുന്നതുള്‍പ്പടെ കേരളം കണ്ടു. അവരെ മേലധികാരിയുടെ ഓഫീസില്‍ വിളിച്ചുവരുത്തി ശകാരിച്ചു. ശിക്ഷാ നടപടി കാട്ടി ഭയപ്പെടുത്തി. വൈദ്യപരിശോധന നടത്തിയില്ലെന്നത് ഉള്‍പ്പടെ നടപടിക്രമങ്ങള്‍ പാലിക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച സംഭവിച്ചുവെന്ന റിപ്പോര്‍ട്ടും വന്നു. ഈ നടപടികളുടെയെല്ലാം അവസാനത്തെ നീക്കമാണ് അന്വേഷണ സംഘത്തെ മാറ്റിയത്

കഞ്ചാവ് ഉപയോഗിച്ചതിന് ദൃക്‌സാക്ഷികളുമില്ല. അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കാന്‍ ഇനി മൂന്നുമാസമേ ബാക്കിയുള്ളൂ. കോടതിയില്‍ കുറ്റം തെളിയിക്കാനായാല്‍ പരമാവധി 5000 രൂപയുടെ പിഴ ശിക്ഷയാകും ലഭിക്കുക. കുട്ടികള്‍ കുറ്റാരോപിതരാകുന്ന ഇത്തരം കേസുകളില്‍ വിമുക്തി കേന്ദ്രത്തില്‍നിന്ന് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ ശിക്ഷയില്‍നിന്ന് ഒഴിവാക്കാറാണ് പതിവ്.

കഴിഞ്ഞ ഡിസംബര്‍ 28നാണ് എം.എല്‍.എയുടെ മകന്‍ കനിവ് ഉള്‍പ്പെടെ ഒമ്പത് പേരെ തകഴിയില്‍നിന്ന് കുട്ടനാട് എകസൈസ് സംഘം പിടികൂടിയത്. മൂന്നു ഗ്രാം കഞ്ചാവും കഞ്ചാവു വലിക്കാനുള്ള ഉപകരണങ്ങളും ഇവരില്‍നിന്ന് പിടിച്ചെടുത്തിരുന്നു. പൊതു സ്ഥലത്ത് കഞ്ചാവ് ഉപയോഗിച്ചതിനും കഞ്ചാവ് കൈവശം വച്ചതിനും ഇവര്‍ക്കെതിരെ കേസും എടുത്തു. ഇതോടെയാണ് എംഎല്‍ എ പൊട്ടിത്തെറിച്ചത്.