ആ മന്ത്രി മഹാനല്ല, കുറ്റവാളിയാണ്; ‘എളിമ മന്ത്രി’യുടെ യഥാര്‍ത്ഥ മുഖം ഇതാണ്; ക്രിസ്ത്യന്‍ മിഷണറിയെ ചുട്ടുകൊന്ന സമയത്ത് ബജ്രംഗ്ദള്‍ നേതാവ്; നിയമസഭ ആക്രമിച്ചതിന് അറസ്റ്റ്…

Jaihind Webdesk
Friday, May 31, 2019

ന്യൂഡല്‍ഹി: സൈക്കളില്‍ യാത്ര ചെയ്യുന്ന.. ഓലക്കുടിലില്‍ ജീവിക്കുന്ന… സന്യാസിതുല്യനായ പ്രതാപ് ചന്ദ്ര സാരംഗിയെന്ന ബീഹാറില്‍ നിന്നുള്ള ബി.ജെ.പി നേതാവും കേന്ദ്രമന്ത്രിയെക്കുറിച്ചും രണ്ടുദിവസമായി സമൂഹമാധ്യമങ്ങള്‍ ആഘോഷിക്കുകയാണ്. എന്നാല്‍, വാസ്തവം മറ്റൊന്നാണ്… ഓസ്ട്രേലിയന്‍ മിഷണറി ഗ്രഹാം സ്റ്റെയിന്‍സിന്റെയും അദ്ദേഹത്തിന്റെ രണ്ടു കുട്ടികളെയും തീവ്ര ഹിന്ദുത്വശക്തികള്‍ കൊലപ്പെടുത്തിയ 1999ല്‍ ബജ്രംഗ് ദള്‍ നേതാവായിരുന്നു സാരംഗി എന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. തീവ്ര ഹൈന്ദവ തീവ്രവാദ സംഘടനയാണ് ബജ്രംഗ് ദള്‍.

ബജ്രംഗ്ദളാണ് ഈ കൂട്ടക്കൊലയ്ക്ക് പിന്നിലെന്ന് ക്രിസ്ത്യന്‍ സമുദായ നേതാക്കള്‍ ആരോപിക്കുമ്പോള്‍, ഈ ആക്രമണത്തിന് പിന്നില്‍ ഏതെങ്കിലും ഒരു സംഘത്തിന് പങ്കുളളതായി തെളിവില്ലെന്നാണ് ഔദ്യോഗിക വിശദീകരണം. നീണ്ടക്കാലത്തെ വിചാരണയ്ക്ക് ഒടുവില്‍ 2003ലാണ് കേസുമായി ബന്ധപ്പെട്ട് ബജ്രംഗ്ദളുമായി ബന്ധമുളള ദാരാസിങ്ങിനെയും 12പേരെയും കോടതി ശിക്ഷിച്ചത്. എന്നാല്‍ രണ്ടുവര്‍ഷങ്ങള്‍ക്ക് ശേഷം ഒറീസ ഹൈക്കോടതി ഇദ്ദേഹത്തിന്റെ വധശിക്ഷ ഇളവുചെയ്തു. ഇതിന് പുറമേ മറ്റു പതിനൊന്ന് പേരുടെ ജീവപര്യന്തം ശിക്ഷയും ഇളവു ചെയ്ത് കോടതി ഇവരെ വെറുതെ വിട്ടു.

ഇന്ത്യയെ ഒന്നടങ്കം മതപരിവര്‍ത്തനം ചെയ്യാനാണ് ക്രിസ്ത്യന്‍ മിഷണറി പ്രവര്‍ത്തകര്‍ ശ്രമിക്കുന്നതെന്ന് സാരംഗി ഒഡീഷ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മാധ്യമപ്രവര്‍ത്തകനായ സന്ദീപ് സാഹുവിന് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞതായി ബിബിസി ചൂണ്ടിക്കാണിക്കുന്നു. ക്രിസ്ത്യന്‍ മിഷണറി പ്രവര്‍ത്തകര്‍ തിന്മ ലക്ഷ്യമാക്കിയുളള പ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്നും അതിവൈകാരികമായി അദ്ദേഹം പറഞ്ഞതായും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം സ്റ്റെയിന്‍സിന്റെ രണ്ടു കുട്ടികളെ ആക്രമിച്ച സംഭവത്തെ സാരംഗി അപലപിക്കുകയും ചെയ്തിട്ടുണ്ട്. മതപരിവര്‍ത്തനത്തിന് എതിരെയുളള തന്റെ നിലപാടുകള്‍ പുറംലോകത്തെ അറിയിക്കാന്‍ സാരംഗി നിരാഹാരം കിടന്നതായും റിപ്പോര്‍ട്ടുകളുണ്ട്. 2002ല്‍ പൊതുമുതല്‍ നശിപ്പിക്കല്‍, കലാപം, തുടങ്ങിയ വകുപ്പുകള്‍ ചുമത്തി സാരംഗിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒറീസ നിയമസഭയ്ക്ക് നേരെയുളള ബജ്രംഗ്ദളിന്റെ ആക്രമണത്തിലായിരുന്നു നടപടി.