
നിലവിലെ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെതിരെ അനധികൃത സ്വത്ത് സമ്പാദനവും ഗുരുതരമായ ചട്ടലംഘനങ്ങളും ചൂണ്ടിക്കാട്ടി ഐ.എ.എസ് ഉദ്യോഗസ്ഥനായ എന്‍. പ്രശാന്ത് മുഖ്യമന്ത്രി പിണറായി വിജയന് പരാതി സമര്‍പ്പിച്ചതോടെ വെട്ടിലായി സര്‍ക്കാര്‍. കൃത്യമായ തെളിവുകളും രേഖകളും സഹിതം റൂള്‍ 7 പരാതിയാണ് നല്‍കിയിരിക്കുന്നത്. പരാതിയില്‍ നിയമോപദേശം തേടാനൊരുങ്ങുകയാണ് മുഖ്യമന്ത്രി. തെളിവുകളോടെയുള്ള ഈ ആരോപണങ്ങള്‍ സര്‍ക്കാരിന് വലിയ തലവേദനയായേക്കുമെന്ന തിരിച്ചറിവിലാണ് സര്‍ക്കാര്‍ നിയമോപദേശത്തിനൊരുങ്ങുന്നത്. സംസ്ഥാന ചരിത്രത്തില്‍ ആദ്യമായാണ് നിലവിലെ ചീഫ് സെക്രട്ടറിക്കെതിരെ ഇത്രയും ഗുരുതരമായ അനധികൃത സ്വത്ത് സമ്പാദന ആരോപണത്തില്‍ തെളിവുകള്‍ സഹിതം പരാതി ലഭിക്കുന്നത്. ചീഫ് സെക്രട്ടറിയുടെ നിയമപരമായ സ്വത്ത് വിവര റിട്ടേണുകളിലെയും രജിസ്റ്റര്‍ ചെയ്ത ആധാരങ്ങള്‍, പാട്ടക്കരാറുകള്‍ തുടങ്ങിയ രേഖകളിലെയും പൊരുത്തക്കേടുകളാണ് പരാതിയിലെ പ്രധാന വിഷയം.

പരാതിയില്‍ ഡോ. ജയതിലകിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. വരുമാനം മറച്ചുവെക്കുക, സ്വത്തുക്കളുടെ ഉടമസ്ഥാവകാശം തെറ്റായി റിപ്പോര്‍ട്ട് ചെയ്യുക, വാണിജ്യപരമായ താല്‍പ്പര്യങ്ങള്‍ മറച്ചുവെക്കുക, ബാര്‍-റിയല്‍ എസ്റ്റേറ്റ് കച്ചവടക്കാരില്‍ നിന്ന് ബിനാമി കരാറുകളിലൂടെ പണം കൈപ്പറ്റുക തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു. അദ്ദേഹം റവന്യു, എക്സൈസ് വകുപ്പുകള്‍ കൈകാര്യം ചെയ്ത കാലയളവിലെ സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങളും പരാതിയിലുണ്ട്. കേരള സര്‍ക്കാരിന്റെ റവന്യൂ, രജിസ്ട്രേഷന്, സര്‍വേ വകുപ്പുകളിലെ രേഖകള്‍ തന്നെയാണ് തെളിവായി ഉപയോഗിച്ചിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം. ഈ ലംഘനങ്ങള്‍ ഓള് ഇന്ത്യാ സര്‍വീസ് (കണ്ടക്ട്) റൂള്‍സ്, 1968-ലെ അനുഛേദം 3, 13, 16 എന്നിവയുടെ ഗുരുതരമായ ലംഘനങ്ങളാണ്. ഈ ആരോപണങ്ങളെത്തുടര്‍ന്ന് ചീഫ് സെക്രട്ടറിക്കെതിരെ നടപടി വേണമെന്നാണ് പ്രശാന്തിന്റെ ആവശ്യം.
കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി എന്‍. പ്രശാന്ത് ഐ.എ.എസ് സസ്പെന്‍ഷനിലാണ്. നിയമം എല്ലാവര്ക്കും ഒരുപോലെയാണെങ്കില്‍, ഡോ. ജയതിലകിനെ സസ്പെന്‍ഡ് ചെയ്തുകൊണ്ടുള്ള ഉത്തരവ് ഏത് നിമിഷവും പ്രതീക്ഷിക്കാമെന്ന് അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചു. ഭരണഘടനയുടെ അനുച്ഛേദം 14 ഉറപ്പാക്കുന്ന നിയമത്തിന് മുന്നിലെ തുല്യത, ഒരു ജൂനിയര്‍ ഉദ്യോഗസ്ഥന് ഒരു മാനദണ്ഡവും ചീഫ് സെക്രട്ടറിക്ക് മറ്റൊരു മാനദണ്ഡവും സാധ്യമല്ല എന്ന് അടിവരയിടുന്നു. ഡിസിപ്ലിനറി അതോറിറ്റിയായ മുഖ്യമന്ത്രിക്ക് നേരിട്ടാണ് പരാതി നല്‍കിയിരിക്കുന്നത്. ഡോ. ജയതിലക് കൈകാര്യം ചെയ്യുന്ന ജിഎഡി വകുപ്പില്‍ സ്വയം സസ്പെന്‍ഡ് ചെയ്യാനുള്ള ഫയല്‍ അദ്ദേഹം സമര്‍പ്പിക്കാന്‍ സാധ്യതയില്ലെന്നും പ്രശാന്ത് തന്റെ കുറിപ്പില്‍ പറയുന്നു.