രാഹുല്‍ ഗാന്ധിക്കൊപ്പം ഭാരത് ജോഡോ യാത്രയില്‍ അണിചേർന്ന് പ്രശാന്ത് ഭൂഷണ്‍

Jaihind Webdesk
Sunday, November 6, 2022

 

തെലങ്കാന: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ പങ്കെടുത്ത് അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷൺ. യാത്രയുടെ 60-ാം ദിവസത്തിൽ തെലങ്കാനയിലാണ് ആം ആദ്മി പാർട്ടി മുൻ നേതാവ് കൂടിയായ അദ്ദേഹം പങ്കെടുത്തത്. മഡിഗ റിസർവേഷൻ പോരാട്ട സമിതി നേതാവായ മന്ദകൃഷ്ണ മഡിഗയും യാത്രയുടെ ഭാഗമായി. പട്ടികജാതി വിഭാഗത്തിന്‍റെ അവകാശങ്ങൾക്കായി പോരാടുന്ന ഇദ്ദേഹം മേഡക് ജില്ലയിലെ അല്ലാദുർഗിൽ വെച്ചാണ് യാത്രയിൽ പങ്കെടുത്തത്.

രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഒരു ചരിത്ര സംഭവമാണെന്ന് പ്രശാന്ത് ഭൂഷണ്‍ പ്രതികരിച്ചു. വെറുപ്പിന്‍റെയും വിദ്വേഷത്തിന്‍റെയും രാഷ്ട്രീയത്തിനെതിരായ ഐക്യ മുന്നേറ്റമാണ് ഭാരത് ജോഡോ യാത്ര. അരവിന്ദ് കെജ്‌രിവാൾ ബിജെപിയുടെ ബി ടീമാണെന്നും അതുകൊണ്ടാണ് തങ്ങള്‍ എതിർത്തതെന്നും അദ്ദേഹം വ്യക്തമാക്കി. കോണ്‍ഗ്രസ് നേതാവ് അഡ്വ. അനില്‍ ബോസ്‍ ഉള്‍പ്പെടെയുള്ള ഭാരത യാത്രികരോട് ആശയവിനിമയം നടത്തവെയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

 

ആക്ടിവിസ്റ്റായ യോഗേന്ദ്ര യാദവും യാത്രയിൽ സജീവമായിട്ടുണ്ട്. നേരത്തെ ബോളിവുഡ് നടി പൂജാ ഭട്ട്, രോഹിത് വെമുലയുടെ അമ്മ രാധിക വെമുല എന്നിവരടക്കം നിരവധി പേർ തെലങ്കാനയിൽ യാത്രയുടെ ഭാഗമായി. ഒക്ടോബർ 23നാണ് യാത്ര തെലങ്കാനയിലെത്തിയത്. ഭാരത് ജോഡോ യാത്ര തിങ്കാളാഴ്ച മഹാരാഷ്ട്രയിലേക്ക് പ്രവേശിക്കും.