ന്യൂഡല്‍ഹി: മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണെതിരായ കോടതിയലക്ഷ്യം നിലനില്‍ക്കുമെന്ന് സുപ്രീംകോടതി. ശിക്ഷയില്‍ 20 ന് വാദം കോള്‍ക്കും . 6 മാസം വരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് പ്രശാന്ത് ഭൂഷണെതിരെ ചുമത്തിയിരിക്കുന്നത്. പ്രശാന്ത് ഭൂഷന്‍റെ 2 ട്വീറ്റുകള്‍ ചൂണ്ടിക്കാട്ടിയാണ് കോടതിയലക്ഷ്യ നടപടി കൈക്കൊണ്ടിരിക്കുന്നത്.ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബഞ്ചിന്‍റേതാണ് നിരീക്ഷണം.
ജനങ്ങൾക്കു നീതി നിഷേധിച്ചുകൊണ്ട് സുപ്രീംകോടതി അടച്ചിട്ട ചീഫ് ജസ്റ്റിസ്, ബി.ജെ.പി. നേതാവിന്‍റെ മകന്‍റെ 50 ലക്ഷം രൂപയുടെ ബൈക്കിൽ ഹെൽമറ്റും മസ്കുമില്ലാതെ ഇരിക്കുന്നു എന്നായിരുന്നു ആദ്യ ട്വീറ്റ്. ‘അടിയന്തരാവസ്ഥ ഇല്ലാതെതന്നെ കഴിഞ്ഞ ആറുവർഷം ഇന്ത്യയിൽ എങ്ങനെയാണ് ജനാധിപത്യം നശിപ്പിക്കപ്പെട്ടതെന്ന് ചരിത്രകാരന്മാർ തിരിഞ്ഞുനോക്കിയാൽ അതിൽ സുപ്രീംകോടതിയുടെ, പ്രത്യേകിച്ച് അവസാനത്തെ നാലു ചീഫ് ജസ്റ്റിസുമാരുടെ പങ്ക് പ്രത്യേകം അടയാളപ്പെടുത്തും’ എന്നായിരുന്നു പ്രശാന്ത് ഭൂഷന്‍റെ മറ്റൊരു പ്രതികരണം.
ഈ ട്വീറ്റുകളെ തുടർന്ന് സുപ്രീം കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു. എന്നാൽ കോടതിയെ അവഹേളിക്കുകയല്ല അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം വിനിയോഗിക്കുക മാത്രമാണ് ചെയ്തതെന്നാണ് പ്രശാന്ത് ഭൂഷൺ വ്യക്തമാക്കിയത്.