യോഗ സെഷന് നേതൃത്വം നല്‍കാന്‍ പ്രജ്ഞ ; മോദിയുടെ മനസ് മാറിയോ എന്ന് മാണിക്കം ടാഗോർ

Jaihind Webdesk
Friday, June 18, 2021

ന്യൂഡല്‍ഹി : രാജ്യാന്തര യോഗ ദിനത്തിൽ ലോക്സഭ എംപിമാർക്കായുള്ള യോഗ സെഷന് ബിജെപി എംപി പ്രജ്ഞാ സിങ് ഠാക്കൂർ നേതൃത്വം നൽകുന്നതിനെതിരെ വിമർശനവുമായി പ്രതിപക്ഷം. പ്രജ്ഞയുടെ കാര്യത്തിൽ പ്രധാനമന്ത്രിയുടെ മനസ് മാറിയോ എന്ന് കോൺഗ്രസ് എംപി മാണിക്കം ടാഗോർ ട്വിറ്റിറിലൂടെ ചോദിച്ചു.

‘എല്ലാ എംപിമാരും പങ്കെടുക്കുന്ന പ്രധാനമന്ത്രിയുടെ പ്രിയപ്പെട്ട പദ്ധതിയിൽ പ്രജ്ഞ നേതൃത്വം വഹിക്കുന്നതോടെ അദ്ദേഹം അവരോട് ക്ഷമിച്ചു എന്നാണ് മനസ്സിലാകുന്നത്’-മാണിക്കം ടാഗോർ കുറിച്ചു. മഹാത്മാഗാന്ധിയെ വധിച്ച നാഥുറാം ഗോഡ്സെയെ ദേശസ്നേഹിയായി വാഴ്ത്തിയ പ്രജ്ഞയെ തള്ളിപ്പറഞ്ഞ മോദിയുടെ ഒരു വിഡിയോ പങ്കുവച്ചുകൊണ്ടാണ് മാണിക്കത്തിന്റെ ട്വീറ്റ്.