‘ദിലീപിനെ കാണാന്‍ രണ്ട് തവണ ജയിലില്‍ പോയി’ ; പൊലീസിന് ഗണേഷ് കുമാറിന്‍റെ സെക്രട്ടറിയുടെ മൊഴി

Jaihind News Bureau
Friday, November 20, 2020

 

കാസർകോട് : നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അറസ്‌റ്റിലായിരുന്ന സമയത്ത് നടന്‍ ദിലീപിനെ കാണാന്‍ രണ്ട് തവണ ജയിലില്‍ പോയിട്ടുണ്ടെന്ന് കെ.ബി ഗണേഷ് കുമാര്‍ എംഎല്‍എയുടെ ഓഫീസ് സെക്രട്ടറി പ്രദീപ്കുമാര്‍. ഒരു തവണ ഗണേഷ് കുമാറിന്‍റെ ഒപ്പവും മറ്റൊരു തവണ ഒറ്റയ്ക്കും ജയിലില്‍ പോയി ദിലീപിനെ കണ്ടിട്ടുണ്ടെന്നാണ് പ്രദീപ് കുമാര്‍ പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്.

നടൻ ദിലീപിനെ ജയിലിൽ കാണാൻ പോയത് കൂടാതെ ദിലീപിന്‍റെ ഡ്രൈവര്‍ സുനില്‍രാജിനെ ഫോണില്‍ ബന്ധപ്പെട്ടിട്ടുണ്ടെന്നും പ്രദീപ് കുമാറിന്‍റെ മൊഴിയിലുണ്ട്. കൂടാതെ തിരുനെൽവേലി സ്വദേശിയുടെ പേരിലുള്ള സിം കാർഡ് ഉപയോഗിച്ച് ഒരു തവണ വിപിൻ ലാലിനെ വിളിച്ചെന്നും എറണാകുളത്ത് നിന്നും ഭീഷണി സന്ദേശം തപാൽ വഴി അയച്ചെന്നും പൊലീസ് വ്യക്തമാക്കുന്നു.കൂടാതെ 2020 ജനുവരിയിൽ എറണാകുളത്തെ ഒരു പഞ്ച നക്ഷത്ര ഹോട്ടലിൽ ഒത്ത് ചേർന്ന് സാക്ഷികളെ സ്വാധീനിക്കാൻ പ്രദീപിന്‍റെ ആസൂത്രണത്തിൽ ശ്രമിച്ചതായും പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിൽ പറയുന്നു. കേസിലെ മാപ്പു സാക്ഷി വിപിന്‍ലാലിനെ ഭീഷണിപ്പെടുത്തിയതില്‍ പ്രദീപ് കോട്ടത്തലയെ അഞ്ച് മണിക്കൂര്‍ നേരം ഇന്നലെ പൊലീസ് ചോദ്യം ചെയ്തിരുന്നു. ദിലീപുമായി ബന്ധമൊന്നും ഇല്ലെന്നാണ് ആദ്യം പ്രദീപ് മൊഴി നല്‍കിയിരുന്നത്.

ജനുവരി 23ന് കേസിലെ മാപ്പുസാക്ഷിയും ബേക്കല്‍ സ്വദേശിയുമായ വിപിന്‍ലാലിനെ കാണാന്‍ പ്രദീപ് കുമാര്‍ കാസർഗോഡ് ബേക്കലില്‍ എത്തിയെന്നാണ് പൊലീസ് റിപ്പോർട്ടിൽ പറയുന്നത്. തൃക്കണ്ണാടയിലെ ബന്ധുവീട്ടിലെത്തിയ പ്രദീപ്, വിപിനെ നേരിട്ട് കാണാന്‍ പറ്റാത്തതിനെ തുടര്‍ന്ന് വിപിന്‍റെ അമ്മാവന്‍ ജോലി ചെയ്യുന്ന കാഞ്ഞങ്ങാട്ടുള്ള ജ്വല്ലറിയിലെത്തി. ഇവിടെ നിന്നും അമ്മയെ വിളിച്ച്‌ വിപിന്റെ വക്കീല്‍ ഗുമസ്തനാണെന്ന് പരിചയപ്പെടുത്തുകയും ബിബിനോട് മൊഴിമാറ്റാന്‍ ആവശ്യപ്പെടുകയുമായിരുന്നെന്നാണ് കേസ്.