ഇന്ത്യയെ വീണ്ടെടുക്കാന്‍ രാഹുല്‍ ഗാന്ധിക്ക് വോട്ട് ചെയ്യണം; കാഴ്ചപരിമിതിയെയും മറികടന്ന് പ്രദീപ് എത്തി

Jaihind Webdesk
Friday, April 26, 2024

 

മലപ്പുറം: ഇരുകണ്ണുകള്‍ക്കും കാഴ്ചയില്ലാത്ത പ്രദീപ് ബംഗളുരുവില്‍ നിന്നും രാഹുല്‍ ഗാന്ധിക്കായി വോട്ട് ചെയ്യാന്‍ വയനാട് പാർലമെന്‍റ് മണ്ഡലത്തിലെത്തി. ഇന്ത്യയെ വീണ്ടെടുക്കാനുള്ള രാഹുല്‍ ഗാന്ധിയുടെയും കോണ്‍ഗ്രസിന്‍റെയും പ്രവർത്തനങ്ങള്‍ക്ക് തന്‍റെ ഐക്യദാർഢ്യം രേഖപ്പെടുത്താനാണ് പരിമിതികളെയും മറികടന്ന് പ്രദീപ് എത്തിയത്. എന്തു കഷ്ടപ്പാടുകളും സഹിച്ച് രാഹുല്‍ ഗാന്ധിക്കായി വോട്ട് ചെയ്യുമെന്ന ദൃഢനിശ്ചയമാണ് പ്രദീപിനെ ഇവിടെയെത്തിച്ചത്.

മൂത്തേടം സ്വദേശിയാണ് പ്രദീപ്. പഠനത്തിന്‍റെയും ജോലിയുടെയും ഭാഗമായി ബംഗളൂരുവിലെ രാജാജി നഗറിലാണ് പ്രദീപ് താമസിക്കുന്നത്. കര്‍ണാടക യൂത്ത് കോണ്‍ഗ്രസ് നേതൃത്വമാണ് പ്രദീപിനെ നാട്ടിലേക്ക് എത്താന്‍ സഹായിച്ചത്. യൂത്ത് കോണ്‍ഗ്രസ് കര്‍ണാടക സംസ്ഥാന സെക്രട്ടറി റിഷാന്‍ മുഹമ്മദിനെ ഫോണില്‍ ബന്ധപ്പെട്ടതോടെയാണ് പ്രദീപിന്‍റെ ആഗ്രഹ സഫലീകരണത്തിന് വഴിതുറന്നത്. വയനാട് പാര്‍ലമെന്‍റ് യുഡിഎഫ് കമ്മിറ്റിയുടെ അഭ്യര്‍ത്ഥന പ്രകാരം ബംഗളുരുവില്‍ നിന്ന് അഞ്ച് ബസാണ് ഒരുക്കിയിരുന്നത്. രാഹുല്‍ ഗാന്ധിക്ക് വോട്ട് ചെയ്യാന്‍ ആഗ്രഹമുണ്ടെന്നും അതിനാല്‍ ബംഗളുരുവില്‍ നിന്നും പോകുന്ന ബസില്‍ തന്നെയും ഉള്‍പ്പെടുത്തണമെന്നും പ്രദീപ് ആവശ്യപ്പെട്ടു. തുടര്‍ന്ന് പ്രദീപിനായി എല്ലാ സൗകര്യങ്ങളും ഒരുക്കിക്കൊടുക്കുകയായിരുന്നു.

ഇന്ത്യയെ വീണ്ടെടുക്കാനുള്ള രാഹുല്‍ ഗാന്ധിയുടെ പ്രവർത്തനങ്ങള്‍ക്ക് പിന്തുണ നല്‍കേണ്ടത് അനിവാര്യമാെന്ന് പ്രദീപ് പറഞ്ഞു. ഫാസിസ്റ്റ് ഭരണകൂടം ഇഡിയെയും സിബിഐയെയും ഉപയോഗിച്ച് കൊണ്ട് പ്രതിപക്ഷ പാർട്ടി നേതാക്കളെ വേട്ടയാടിക്കൊണ്ടിരിക്കുകയാണ്. രാജ്യം വളരെ അപകടകരമായ സാഹചര്യത്തിലൂടെയാണ് കടന്നു പോകുന്നത്. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസ് തിരിച്ചുവരേണ്ടത് ഓരോ ഇന്ത്യക്കാരന്‍റെയും ആവശ്യവും പ്രതീക്ഷയുമാണ്. അതുകൊണ്ട് എന്ത് ത്യാഗം സഹിച്ചും രാഹുല്‍ ഗാന്ധിക്കും കോണ്‍ഗ്രസിനും വോട്ട് ചെയ്യാന്‍ താന്‍ ഇവിടെ ഉണ്ടാകുമെന്ന് പ്രദീപ് പറഞ്ഞു. കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് വേണ്ടി ജീവന്‍ വരെ ത്യാഗം ചെയ്യാനും താന്‍ തയാറാണെന്നും ഉറച്ച ശബ്ദത്തില്‍ പ്രദീപ് പറയുന്നു.

ജനാധിപത്യബോധവും രാജ്യസ്നേഹവും ഉയർത്തിപ്പിടിച്ച പ്രദീപിന്‍റെ വാക്കുകള്‍ ആരിലും ആവേശമുണർത്തുന്നതാണ്. തന്‍റെ പരിമിതികളെ പോലും മറികടക്കുന്ന ദൃഢനിശ്ചയത്തോടെ മുന്നോട്ടുവന്ന പ്രദീപിനെ മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റി വൈസ് പ്രസിഡന്‍റ് ഇസ്മായില്‍ മൂത്തേടവും കർണാടക യൂത്ത് കോണ്‍ഗ്രസ്  സംസ്ഥാന സെക്രട്ടറി റിഷാന്‍ മുഹമ്മദും ചേര്‍ന്ന് ആദരിച്ചു.

https://www.facebook.com/share/v/FWqhRsTZeUp7XnWh/?mibextid=oFDknk