ദുബായ് : ഇന്ത്യന്‍ സിനിമയ്ക്ക് മലയാളത്തിന്റെ സംഭാവന ഏറെ അമൂല്യമാണെന്നും , മലയാള സിനിമയില്‍ അഭിനയിക്കാനായി താന്‍ കാത്തിരിക്കുകയാണെന്നും ‘ബാഹുബലി’ എന്ന, ലോക സിനിമയിലൂടെ ഇന്ത്യയുടെ സൂപ്പര്‍സ്റ്റാറായി മാറിയ നടന്‍ പ്രഭാസ് പറഞ്ഞു. ദുബായില്‍ ‘ജയ്ഹിന്ദ് ന്യൂസിന് ‘ നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് , മലയാളത്തോടുള്ള ഇഷ്ടം പ്രഭാസ് വെളിപ്പെടുത്തിയത്.
ബാഹുബലിയ്ക്ക് ശേഷമുള്ള പ്രഭാസിന്റെ മറ്റൊരു ബിഗ് ബഡ്ജറ്റ് സിനിമയായ ‘സാഹോ’യുടെ , ദുബായ് വേള്‍ഡ് പ്രീമിയറിന്റെ ഭാഗമായാണ്, ഇന്ത്യന്‍ സൂപ്പര്‍സ്റ്റാര്‍ ദുബായില്‍ എത്തിയത്. ലോകത്തെ വിവിധ ഭാഷകളിലെ തിരഞ്ഞെടുക്കപ്പെട്ട ടെലിവിഷന്‍ ചാനലുകള്‍ക്ക് ഇതോടൊപ്പം പ്രഭാസ് അഭിമുഖം അനുവദിച്ചു. ഇതില്‍ ഇന്ത്യന്‍ ഭാഷകളില്‍ നിന്നുള്ള ഏക ചാനലായി, മലയാളത്തിന്റെ സ്വന്തം ചാനലായ ജയ്ഹിന്ദ് ടിവിയ്ക്കും, പ്രഭാസ് പ്രത്യേക അഭിമുഖം നല്‍കി. 350 കോടി മുതല്‍മുടക്കുള്ള, ‘സാഹോ’ എന്ന ബിഗ്് ബഡ്ജറ്റ് സിനിമയെ കുറിച്ച് പ്രഭാസ് വാചാലനായപ്പോഴും , മലയാളത്തോടുള്ള ഇഷ്ടം മറച്ചുവെച്ചില്ല. മലയാളത്തിന്റെ പ്രിയ താരങ്ങളായ മോഹന്‍ലാലിനെയും മമ്മൂട്ടിയെയും ഒരുപോലെ ഇഷ്ടമാണ്. ഇരുവരും മഹാതാരങ്ങളാണ്. ഓരോത്തരും അതാത് മേഖലകളില്‍ വലിയ കഴിവ് തെളിയിച്ചവരാണ്. ഇന്ത്യയുടെ ദേശീയ അവാര്‍ഡുകള്‍ വാരിക്കൂട്ടുന്ന നടീ-നടന്‍മാരും, ക്യാമറമാന്‍മാരും, ഉള്‍പ്പടെയുള്ള സാങ്കേതിക വിദഗ്ദരുടെ വലിയ നിരയാണ് മലയാള സിനിമാ ലോകം. മാത്രവുല്ല, സിനിമയെ യാഥാര്‍ഥ്യത്തോടെ ഉള്‍ക്കൊള്ളുന്നവരാണ് മലയാളികളെന്നും പ്രഭാസ് അഭിമുഖത്തില്‍ പറഞ്ഞു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ചിത്രീകരിച്ച സാഹോ സിനിമയുടെ, പ്രധാന ആക്ഷന്‍ സീനുകള്‍ ചിത്രീകരിച്ചത് അബുദാബിയിലും ദുബായിലുമാണ്. അതിനാല്‍, യുഎഇയോടുള്ള പ്രത്യേക സ്നേഹവും താല്‍പ്പര്യവും അദേഹം എടുത്തുപറഞ്ഞു. അബുദാബിയിലെയും ദുബായിലെയും റോഡുകളും, മനോഹരമായ പാലങ്ങളും, അംബരചുംബികളായ കൂറ്റന്‍ കെട്ടിടങ്ങളുമെല്ലാം സിനിമയുടെ ആക്ഷന്‍ സീനുകള്‍ക്ക് വലിയ രീതിയില്‍ ഗുണം ചെയ്തു. ചിത്രീകരണത്തിന് യുഎഇ ഗവര്‍മെന്റ് നല്‍കിയ മികച്ച പിന്തുണയ്ക്കും പ്രഭാസ് നന്ദി പറഞ്ഞു. എല്ലാ മലയാളികള്‍ക്കും ഓണാശംസകള്‍ പറഞ്ഞാണ്, അഭിമുഖം അവസാനിച്ചത്. ജയ്ഹിന്ദ് ടി വി മിഡില്‍ ഈസ്റ്റ് എഡിറ്റോറിയല്‍ ഹെഡ് എല്‍വിസ് ചുമ്മാറിന് അനുവദിച്ച ഈ അഭിമുഖത്തിന്റെ പൂര്‍ണ്ണരൂപം ജയ്ഹിന്ദ് ടി വി പിന്നീട് സംപ്രേക്ഷണം ചെയ്യും.