കൊള്ള വിലയ്ക്ക് പിപിഇ കിറ്റുകള്‍ വാങ്ങിയത് മുഖ്യമന്ത്രിയുടെ അറിവോടെ; തെളിവുകള്‍ പുറത്ത്

Jaihind Webdesk
Saturday, April 9, 2022

 

തിരുവനന്തപുരം : ഉയർന്ന വിലയ്ക്ക് പിപിഇ കിറ്റ് വാങ്ങിയത് മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് വ്യക്തമാക്കുന്ന തെളിവുകൾ പുറത്ത്. മുഖ്യമന്ത്രിയുടെയും ധനമന്ത്രിയുടെയും ആരോഗ്യ മന്ത്രിയുടെയും അനുമതിയോടെയാണ് കൊള്ള വിലയ്ക്ക് പിപിഇ കിറ്റുകള്‍ വാങ്ങിയത്. അപ്പോഴുണ്ടായിരുന്ന വിപണിവിലയുടെ മൂന്നിരട്ടി വില കൊടുത്താണ് ഏതാനും കമ്പനികളില്‍ നിന്ന് പിപിഇ കിറ്റ് വാങ്ങിയതെന്ന് വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നു.

ഹില്‍ ലൈഫ് കെയർ ലിമിറ്റഡ്, സാന്‍ ഫാർമ, എ ആന്‍ഡ് എ ട്രേഡിംഗ് എന്നീ കമ്പനികളില്‍ നിന്ന് മൂന്നിരട്ടിയിലധികം വിലയ്ക്കാണ് പിപിഇ കിറ്റുകള്‍ വാങ്ങിയിരിക്കുന്നത്. 430 രൂപയ്ക്ക് പിപിഇ കിറ്റ് വാങ്ങിയ അതേദിവസം തന്നെയാണ് ഹില്‍ ലൈഫ്കെയർ ലിമിറ്റഡില്‍ നിന്ന് 1500 രൂപയ്ക്ക്  കിറ്റുകള്‍ വാങ്ങിയിരിക്കുന്നത്. 15 കോടി രൂപയ്ക്കാണ് ഒരു ലക്ഷം യൂണിറ്റുകള്‍ വാങ്ങിയത്. സാൻ ഫാർമയിൽ നിന്ന് 1550 രൂപയ്ക്കും എ ആന്‍ഡ് എ ട്രേഡിംഗില്‍ നിന്ന് 1244 രൂപയ്ക്കുമാണ് സർക്കാർ പിപിഇ കിറ്റ് വാങ്ങിയിരിക്കുന്നത്.

കേരളാ മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന് പിപിഇ കിറ്റ് വിതരണം ചെയ്യുന്ന കൊച്ചി ആസ്ഥാനമായ കെയ്റോണ്‍ എന്ന കമ്പനിയിൽ നിന്ന് 2020 മാര്‍ച്ച് 29ന് പിപിഇ കിറ്റ് വാങ്ങിയത് 450 രൂപയ്ക്കായിരുന്നു. തൊട്ടടുത്ത ദിവസം മാര്‍ച്ച് 30 ന് സാന്‍ഫാര്‍മയില്‍ നിന്ന് 1550 രൂപ വില കൊടുത്താണ് കിറ്റുകള്‍ വാങ്ങിയിരിക്കുന്നത്. സാൻ ഫാർമയ്ക്ക് അമ്പതിനായിരം ഓർഡറുകൾ ആണ് നൽകിയത്. എ ആന്‍ഡ് എ ട്രേഡിംഗില്‍ നിന്ന് 1224 രൂപ നിരക്കില്‍ 1000 യൂണിറ്റുകളാണ് വാങ്ങിയിരിക്കുന്നത്.

മുഖ്യമന്ത്രി പിണറായി വിജയനും അന്നത്തെ ആരോഗ്യമന്ത്രി ആയിരുന്ന കെ.കെ ശൈലജയും ധനമന്ത്രിയായിരുന്ന തോമസ് ഐസക്കും കമ്പനിക്ക് അനുമതി നൽകിയത് വ്യക്തമാക്കുന്നതാണ് രേഖകൾ. പിപിഇ കിറ്റുകള്‍ വാങ്ങിയത് സംബന്ധിച്ച് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടി മുഖ്യമന്ത്രിയുടെ ഉൾപ്പെടെ അറിവോടെയാണ് ഇതെന്ന് വ്യക്തമാക്കുന്നു. കൊവിഡ് കാലത്ത് പിപിഇ കിറ്റ് അടക്കമുള്ള പ്രതിരോധ സാമഗ്രികൾ വാങ്ങിയതിൽ പ്രതിപക്ഷം അഴിമതി ആരോപണം ഉന്നയിച്ചപ്പോഴും അതെല്ലാം പ്രതിരോധിച്ച മുഖ്യമന്ത്രിയുടെ അനുമതിയോടെ തന്നെയാണ് കൊള്ളവിലയ്ക്ക് ഓർഡർ നൽകിയതെന്നാണ് ഇതോടെ വ്യക്തമായിരിക്കുന്നത്.