‘മന്ത്രിപദം അലങ്കാരമല്ല, ഉത്തരവാദിത്വമാണ്’ ; വി മുരളീധരനെതിരെ ഒളിയമ്പുമായി പി.പി മുകുന്ദൻ

Jaihind News Bureau
Sunday, September 6, 2020

 

കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനെതിരെ ഒളിയമ്പുമായി പി.പി മുകുന്ദൻ. മന്ത്രി പദം അലങ്കാരമല്ല, ഉത്തരവാദിത്തമാണ് എന്ന് പി.പി മുകുന്ദൻ എഫ്.ബി പോസ്റ്റിൽ കുറിച്ചു. സ്വർണ്ണക്കടത്ത് കേസിന്‍റെ ഗൗരവം നഷ്ടപ്പെടുത്തുന്ന രീതിയിൽ ചർച്ചകൾ വഴിതിരിച്ചു വിടരുത് എന്ന് മുന്നറിയിപ്പ്. സ്വർണക്കടത്ത് കേസിൽ സി.പി.എം – ബി.ജെ.പി അവിശുദ്ധ ബന്ധമെന്ന സംശയം നിലനിൽക്കുന്നതിനിടയിലാണ് പി.പി മുകുന്ദന്‍റെ ഫേസ്ബുക്ക് പോസ്റ്റ്.

സ്വർണ്ണക്കടത്ത് കേസിൽ സംസ്ഥാന സർക്കാരും ബി.ജെ.പി യും ഒത്തുകളിക്കുന്നു എന്ന വിമർശനം നേരത്തെ ഉയർന്നിരുന്നു. അന്വേഷണ സംഘത്തിന്‍റെ മെല്ലെപ്പോക്ക് ഉൾപ്പെടെ ചൂണ്ടിക്കാട്ടിയാണ് ഈ വിമർശനം ഉയർന്നത്. ബി.ജെ.പി നേതാക്കൾക്കിടയിൽ പോലും സ്വർണ്ണക്കടത്ത് കേസ് കൈകാര്യം ചെയ്ത രീതിയിൽ ഭിന്നത ഉണ്ടായിരുന്നു. ഇതിനിടയിലാണ് കേന്ദ്ര മന്ത്രി കൂടിയായ വി മുരളീധരന് എതിരെ ഒളിയമ്പുമായി പി.പി മുകുന്ദൻ രംഗത്ത് വന്നിരിക്കുന്നത്. മന്ത്രി പദം അലങ്കാരമല്ലല്ലോ, ഉത്തരവാദിത്തമല്ലേ എന്ന് പി.പി മുകുന്ദന്‍ ഫേസ്ബുക്ക് പോസ്റ്റിൽ ചോദിക്കുന്നു. മോദി സർക്കാരിന്‍റെ  പ്രതിഛായയ്ക്ക്  മങ്ങലേല്‍പിക്കുവാൻ കാത്തിരിക്കുന്നവർക്ക് പിടിവള്ളിയാകുന്ന വാക്കോ പ്രവൃത്തിയോ ഉണ്ടാവാതിരിക്കാൻ സൂക്ഷ്മമായ ശ്രദ്ധ കൂടെ നിൽക്കുന്നവരിൽ നിന്ന് ബി.ജെ.പി പ്രവർത്തകർ പ്രതീക്ഷിക്കുന്നു എന്നും അദ്ദേഹം പോസ്റ്റിൽ കുറിക്കുന്നു.

കേരളത്തിൽ നടന്നു വരുന്ന സ്വർണ്ണക്കടത്ത് കേസ് വളരെ ഗൗരവമുള്ളതാണ്. രാജ്യദ്രോഹക്കുറ്റം ചുമത്തി നടത്തുന്ന ഈ അന്വേഷണത്തിന്‍റെ ഗൗരവം ചോർത്തുന്നതാണ് മയക്കുമരുന്ന്, കൊലപാതക വിഷയങ്ങൾ സംബന്ധിച്ച വിവാദങ്ങൾ. ഈ അന്വേഷണം നടക്കുമ്പോഴും വിവിധ വിമാനത്താവളങ്ങൾ വഴി സ്വർണ്ണക്കടത്ത് നടക്കുന്നുവെന്നതും ഗൗരവത്തോടെ കാണണം. ചർച്ച വഴിതിരിഞ്ഞു പോകാതിരിക്കാനുള്ള ശ്രദ്ധ ഉണ്ടാവേണ്ടത് പ്രതിപക്ഷ കക്ഷികളിൽ നിന്നാണ് എന്നും പി.പി മുകുന്ദൻ തന്‍റെ എഫ്‌.ബി പോസ്റ്റിൽ പറയുന്നു. പൊതു മണ്ഡലത്തിൽ നിന്നും സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട ചർച്ചകൾ വഴിതിരിച്ചു വിടാനുള്ള ശ്രമം ബി.ജെ.പി നേതൃത്വത്തിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നു എന്നതിലേക്ക് കൂടിയാണ് പി.പി മുകുന്ദന്‍റെ എഫ്.ബി പോസ്റ്റ്‌ വിരൽ ചൂണ്ടുന്നത്.