‘കുഴല്‍പ്പണത്തില്‍ സുരേന്ദ്രന്‍ മറുപടി പറയണം’ ; ബിജെപിക്ക് ‘അടിയന്തര ശസ്ത്രക്രിയ’ അനിവാര്യമെന്ന് പി.പി മുകുന്ദന്‍

തെരഞ്ഞെടുപ്പിലെ സമ്പൂര്‍ണ്ണ പരാജയത്തിന് പിന്നാലെ കുഴല്‍പ്പണക്കേസിലും വെട്ടിലായ ബിജെപിക്കും സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനുമെതിരെ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന സംഘപരിവാര്‍ നേതാവ് പി.പി മുകുന്ദന്‍. കുഴല്‍പ്പണ ആരോപണത്തില്‍ കെ സുരേന്ദ്രന്‍ മറുപടി പറയണമെന്ന് മുകുന്ദന്‍ ആവശ്യപ്പെട്ടു. കുഴല്‍പ്പണ ഇടപാടില്‍ ബിജെപി നേതൃത്വം പറയുന്ന കാര്യങ്ങളില്‍ വൈരുദ്ധ്യമുണ്ടെന്നും സുരേന്ദ്രന് ജാഗ്രതക്കുറവുണ്ടായെന്നും മുകുന്ദന്‍ ചൂണ്ടിക്കാട്ടി. സംസ്ഥാനത്തെ ബിജെപി അടിമുടി രോഗഗ്രസ്തമായിരിക്കുന്നുവെന്നും അടിയന്തര ശസ്ത്രക്രിയ അനിവാര്യമെന്നും നേതൃമാറ്റം സൂചിപ്പിച്ച് മുകുന്ദന്‍ വിമര്‍ശിച്ചു.

കൊടകര സംഭവം പാര്‍ട്ടിക്ക് ആകെ നാണക്കേടുണ്ടാക്കിയെന്ന് പി.പി മുകുന്ദന്‍ കുറ്റപ്പെടുത്തി. പരിവാര സംഘടനകളെയും ഇത് കാര്യമായി ബാധിച്ചു. ഇപ്പോള്‍ പുറത്തുവന്ന ഫോണ്‍ സംഭാഷണത്തിലെ ശബ്ദരേഖ സുരേന്ദ്രന്‍റേത് തന്നെയാണ്. വിഷയത്തില്‍ സുരേന്ദ്രന്‍ മറുപടി പറയണം. തെരഞ്ഞെടുപ്പിനുശേഷം സംസ്ഥാനത്ത് ബി.ജെ.പി.യുടെ പ്രതിച്ഛായ പൂര്‍ണ്ണമായും നഷ്ടപ്പെട്ടു. ഒരു സീറ്റ് പോലും കിട്ടാത്ത അവസ്ഥയുണ്ടാക്കി. താഴേത്തട്ടില്‍ ചര്‍ച്ച വേണമെന്ന ആവശ്യം പരിഗണിക്കപ്പെട്ടില്ല. ആദര്‍ശത്തോടെ പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ച പലരും ഇപ്പോള്‍ മാറിനില്‍ക്കുകയാണ്. ശ്രീധരന്‍പിള്ളയുടെ കാലത്തെ അവസ്ഥയിലേക്ക് പാര്‍ട്ടി പോയെന്നും മുകുന്ദന്‍ പറഞ്ഞു.

സുരേന്ദ്രന്‍റെ നേതൃത്വത്തിന്‍റെ പ്രസക്തി നഷ്ടമായെന്ന് പി.പി മുകുന്ദന്‍ ചൂണ്ടിക്കാട്ടി. രണ്ടടി മുന്നോട്ട് കൊണ്ടുപോകുമ്പോള്‍ ഒരടി പിന്നോട്ടുവരുന്ന അവസ്ഥയാണ് പാര്‍ട്ടിയുടേത്. ഇത് സംഘടനയെ അടിമുടി ബാധിച്ചുകഴിഞ്ഞു.ബിജെപിയെ ബാധിച്ചിരിക്കുന്ന രോഗത്തിന് ഇനിയും ചികിത്സ വൈകിയാല്‍  സംസ്ഥാനത്തെ ബിജെപിയുടെ രാഷ്ട്രീയ പ്രസക്തി തന്നെ നഷ്ടപ്പെടുമെന്നും പി.പി മുകുന്ദന്‍ ചൂണ്ടിക്കാട്ടി. കുഴല്‍പ്പണക്കേസ് ബിജെപിയില്‍ വലിയ കലാപത്തിനാണ് തിരികൊളുത്തിയിരിക്കുന്നത്. തൃശൂരില്‍ ബിജെപി പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയും പ്രവര്‍ത്തകന് കുത്തേല്‍ക്കുകയും ചെയ്യുന്ന സാഹചര്യവുമുണ്ടായി.

Comments (0)
Add Comment