ബാലശങ്കറിന്‍റെ ആരോപണം ഗൗരവമുള്ളത് ; സുരേന്ദ്രന്‍ രണ്ട് മണ്ഡലങ്ങളില്‍ മത്സരിക്കുന്നതിന്‍റെ യുക്തി എന്തെന്ന് പിപി മുകുന്ദന്‍

Jaihind News Bureau
Friday, March 19, 2021

 

കണ്ണൂര്‍ : സിപിഎം-ബിജെപി ഒത്തുകളിയെന്ന ബാലശങ്കറിന്റെ ആരോപണം ഗൗരവമുള്ളതെന്ന് പിപി മുകുന്ദന്‍. സംഘടനാപരമായ അന്വേഷണം വേണം. കെ സുരേന്ദ്രന്‍ രണ്ട് നിയമസഭ മണ്ഡലങ്ങളില്‍ മത്സരിക്കുന്നതിന്റെ യുക്തി മനസ്സിലാകുന്നില്ലെന്നും പി പി.മുകുന്ദന്‍ ജയ്ഹിന്ദ് ന്യൂസിനോട് പറഞ്ഞു.

സാഹചര്യതെളിവുകളുടെ അടിസ്ഥാനത്തിലാണ് ബാലശങ്കർ ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഉന്നത സ്ഥാനത്തിരിക്കുന്ന ബാലശങ്കർ വെറുതെ ആരോപണം ഉന്നയിക്കുമെന്ന് താൻ കരുതുന്നില്ല. ഇതിനെ കുറിച്ച് സംഘടനാപരമായ അന്വേഷണം വേണമെന്നും പി.പി.മുകുന്ദൻ ആവശ്യപ്പെട്ടു.

അഖിലേന്ത്യാ അടിസ്ഥാനത്തിലുള്ള സൈദ്ധാന്തിക സെല്ലിൻ്റെ ചുമതലയുള്ള ആൾ ലാഘവബുദ്ധിയോടെ സംസാരിക്കില്ല. ബാല ശങ്കർ ആർ എസ് എസ് കാരൻ തന്നെയാണ്. ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ രണ്ട് നിയമസഭ മണ്ഡലങ്ങളിൽ മത്സരിക്കുന്നതിൻ്റെ യുക്തി മനസ്സിലാകുന്നില്ലെന്നും പി.പി.മുകുന്ദൻ. ഒരു സ്ഥലത്ത് മത്സരിക്കുന്നതാണ് ബുദ്ധിപരമായ സമീപനം. സുരേന്ദ്രൻ രണ്ട് സ്ഥലത്തും പരാജയപ്പെട്ടാൽ എന്ത് ചെയ്യുമെന്നും അത് സുരേന്ദ്രൻ്റെ രാഷ്ട്രിയ ഭാവിയെ ബാധിക്കും

കൂടുതൽ ജയസാധ്യത ഉളള മഞ്ചേശ്വരത്ത് മത്സരിക്കുന്നതായിരുന്നു ഉചിതം. രണ്ടിടങ്ങളിലും എത്തിപ്പെടാൻ പ്രയാസം. ജയിക്കാൻ അറുപതിനായിരം വോട്ടെങ്കിലും വേണം. ജയം എളുപ്പമല്ല. അത്രയും മികച്ച രീതിയിൽ സംഘടന പ്രവർത്തനം നടത്താനുള്ള ആൾബലം ഉണ്ടോയെന്ന് ആലോചിക്കണം. ഇപ്പോഴത്തെ ബി ജെ പി നേതൃത്വം മുൻ നേതാക്കളുമായി ആശയ വിനിമയം നടത്തുന്നില്ല. വിജയ യാത്രയ്ക്ക് തന്നെ വിളിച്ചില്ല. വിജയ യാത്ര വീടിന്റെ തൊട്ടടുത്ത് വന്നിട്ടും തന്നോടൊരു വാക്ക് പറഞ്ഞില്ല. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചുമതലയുള്ള നേതാക്കൾക്ക് മുതിർന്നവരുമായി സംസാരിക്കാനുള്ള സാമാന്യ ധർമ്മം ചെയ്യാമായിരുന്നു. ഇപ്പോഴത്തെ നേതൃത്വം വന്ന വഴി മറക്കാൻ പാടില്ലെന്നും പി പി.മുകുന്ദൻ പറഞ്ഞു.

ആൾക്കൂട്ടം വോട്ടായി ഒരിക്കലും മാറില്ല. ആവേശവും ഒരിക്കലും വോട്ടായി മാറില്ല. ഇപ്പോഴത്തെ നേതാക്കളിൽ പാർലമെൻ്ററി വ്യാമോഹം വർധിക്കാനുള്ള കാരണം വ്യക്ത്യാധിഷ്ടിതമായ രീതിയിലേക്ക് പാർട്ടിയെ കൊണ്ടു പോകുന്നത് കൊണ്ടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.