PP DIVYA | പിപി ദിവ്യയ്‌ക്കെതിരായ അന്വേഷണം വൈകുന്നതില്‍ ദുരൂഹത; വിജിലന്‍സ് അന്വേഷണം അട്ടിമറിച്ചതിനെതിരേ ഹൈക്കോടതിയില്‍ ഹര്‍ജി

Jaihind News Bureau
Monday, August 18, 2025

പിപി ദിവ്യയ്‌ക്കെതിരായ അഴിമതിയാരോപണത്തിലെ വിജിലന്‍സ് അന്വേഷണം അട്ടിമറിച്ചെന്നാരോപിച്ച് ഹൈക്കോടതിയില്‍ ഹര്‍ജി. കെഎസ്യു സംസ്ഥാന വൈസ് പ്രസിഡന്റ് പി മുഹമ്മദ് ഷമ്മാസാണ് ഹര്‍ജി നല്‍കിയത്. പി പി ദിവ്യയുടെ അനധികൃത സ്വത്ത് സമ്പാദനമടക്കം ചൂണ്ടിക്കാട്ടി പരാതി നല്‍കിയിട്ട് മാസങ്ങള്‍ കഴിഞ്ഞെങ്കിലും പരാതിക്കാരനായ തന്റെ മൊഴിയെടുക്കാന്‍ പോലും വിജിലന്‍സ് തയാറായില്ലെന്നാണ് ഷമ്മാസിന്റെ ആരോപണം. ഉന്നത ഇടപെടലിനെത്തുടര്‍ന്നാണ് പ്രാഥമികാന്വേഷണം പോലും നടത്താതിരുന്നതെന്നാണ് ആക്ഷേപം.

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പിപി ദിവ്യയ്‌ക്കെതിരെ രൂക്ഷമായ ആരോപണങ്ങളാണ് കഴിഞ്ഞ ദിവസം ഷമ്മാസ് ഉന്നയിച്ചത്. പിപി ദിവ്യയുടെ ബിനാമി സ്വത്ത് സംബന്ധിച്ച് തെളിവ് സഹിതം വിജിലന്‍സിനു പരാതി നല്‍കിയിട്ട് ആറുമാസമായെന്നും മൊഴി പോലും ഇതുവരെ എടുത്തില്ല എന്നാണ് മുഹമ്മദ് ഷമ്മാസിന്റെ ആരോപണം. ഉന്നത സിപിഎം നേതാക്കളുടെ ബന്ധം പുറത്താകും എന്നത് കൊണ്ടാണ് അന്വേഷണം നീട്ടുന്നത്. വിജിലന്‍സ് അന്വേഷണം അട്ടിമറിക്കാന്‍ കാരണം ഉന്നത സിപിഎം നേതാക്കളുടെ ബന്ധുക്കള്‍ക്കും ഇതില്‍ പങ്കുള്ളത് കൊണ്ടാണ്. ഈ ബിനാമി ഇടപാടില്‍ ദിവ്യ എന്ന ചെറിയ മീന്‍ മാത്രമല്ല ഉള്ളത് എന്ന് ഷമ്മാസ് ആരോപിക്കുന്നു.

പി.പി.ദിവ്യ ബിനാമി കമ്പനി രൂപവത്കരിച്ചതിന്റേയും, വഴിവിട്ട് കോടികളുടെ കരാര്‍ നല്‍കിയതിന്റെയും ഭര്‍ത്താവിന്റെ പേരില്‍ ബിനാമി ഭൂമികള്‍ വാങ്ങിക്കൂട്ടിയതിന്റെയും രേഖകള്‍ സഹിതമാണ് വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി നല്‍കിയത്. പ്രാഥമികാന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേസെടുക്കാന്‍ നിര്‍ദ്ദേശിച്ച യോഗേഷ് ഗുപ്തയെ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് മാറ്റുകയും ചെയ്തുവെന്ന് മുഹമ്മദ് ഷമ്മാസ് ആരോപിക്കുന്നു. വിഷയത്തിന്റെ ഗൗരവവും അഴിമതിയുടെ വ്യാപ്തിയും കണക്കിലെടുത്താണ് തെളിവുകള്‍ സഹിതം ഹൈക്കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചതെന്നും മുഹമ്മദ് ഷമ്മാസ് പറഞ്ഞു.ഇന്ന് ഹര്‍ജി പരിഗണിച്ച ഹൈക്കോടതി വിജിലന്‍സിനോട് ഈ മാസം 26 നകം വിശദീകരണം നല്‍കണമെന്ന് നിര്‍ദ്ദേശം നല്‍കി.