വൈദ്യുതി നിരക്ക് വര്‍ധന സര്‍ക്കാരും റഗുലേറ്റി കമ്മീഷനും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗം: യുഡിഎഫ് കണ്‍വീനര്‍ എം. എം ഹസന്‍

Jaihind Webdesk
Saturday, December 7, 2024

 

തിരുവനന്തപുരം: സര്‍ക്കാരും വൈദ്യുതി റഗുലേറ്റി കമ്മീഷനും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമായാണ് വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ച നടപടിയെന്ന് യുഡിഎഫ് കണ്‍വീനര്‍ എം. എം. ഹസന്‍. വൈദ്യുതി ബോര്‍ഡില്‍ നടക്കുന്ന അഴിമതിയും കെടുകാര്യസ്ഥതയും കാരണമാണ് വലിയ സാമ്പത്തിക ബാധ്യതയുണ്ടായതെന്നും ഹസന്‍ കുറ്റപ്പെടുത്തി.

യുഡിഎഫ് സര്‍ക്കാരിന്‍റെ കാലത്ത് ഒരു യൂണിറ്റിന് 4.29 രൂപയ്ക്ക് 25 വര്‍ഷത്തേക്ക് ഉണ്ടാക്കിയ കരാര്‍ എല്‍ഡിഎഫ് സര്‍ക്കാരാണ് റദ്ദാക്കിയത്. അതിന് ശേഷം ഉയര്‍ന്ന തുകയ്ക്ക് വൈദ്യുതി വാങ്ങാനുള്ള കരാര്‍ ഉണ്ടാക്കുകയും ഇതുവഴി അധിക ധനനഷ്ടം ബോര്‍ഡിനുണ്ടാവുകയും ചെയ്തെന്ന്  ഹസന്‍ പറഞ്ഞു.

എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം 8 വര്‍ഷം കൊണ്ട് അഞ്ചു തവണയാണ് വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചത്. സര്‍ക്കാരിന്‍റെ താല്‍പ്പര്യം തിരിച്ചറിഞ്ഞാണ് വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ നിരക്ക് ഉയര്‍ത്താന്‍ അനുമതി നല്‍കുന്നത്. കമ്മീഷനിലെ ഭൂരിഭാഗം അംഗങ്ങളും ഇടതു അനുകൂലികളായ അംഗങ്ങളാണെന്ന് എം.എം. ഹസന്‍ പറഞ്ഞു.

വൈദ്യുതി റഗുലേറ്ററി പ്രവര്‍ത്തിക്കുന്നത് സര്‍ക്കാരിനും അഴിമതി നടത്താന്‍ വഴിയൊരുക്കുന്ന കമ്മീഷനായിട്ടാണ്. യുഡിഎഫ് സര്‍ക്കാരിന്‍റെ കാലത്ത് കുറഞ്ഞ നിരക്കില്‍ വൈദ്യുതി പുറത്ത് നിന്ന് വാങ്ങിയിട്ട് ശേഷം യൂണിറ്റിന് 20 പൈസ കുറച്ച് ഉപഭോക്താക്കള്‍ക്ക് വിതരണം ചെയ്തു. എന്നിട്ട് പോലും അന്ന് ബോര്‍ഡ് ലാഭത്തില്‍ പ്രവര്‍ത്തിച്ചു. ബോര്‍ഡിനെ ലാഭത്തിലെത്തിക്കാന്‍ കൂടെ നിന്ന ജീവനക്കാര്‍ക്ക് 500 രൂപ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പാരിതോഷികം പ്രഖ്യാപിച്ച കാര്യവും എല്‍ഡിഎഫ് സര്‍ക്കാര്‍ മറക്കരുതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. യുഡിഎഫ് സര്‍ക്കാര്‍ അധികാരം ഒഴിയുമ്പോള്‍ 1000 കോടി മാത്രമായിരുന്നിത് ഇന്ന് ബോര്‍ഡിന്‍റെ കടബാധ്യത 45000 കോടിയാണെന്നും ഹസന്‍ കൂട്ടിച്ചേര്‍ത്തു.

മൂഴിയാറില്‍ 50 മെഗാവാട്ടിന്‍റെ ജലവൈദ്യുതി നിലയത്തില്‍ നിസ്സാര സാങ്കേതിക തകരാറിനെ തുടര്‍ന്ന് വൈദ്യുതോല്‍പ്പാദനം മുടങ്ങിയത് മൂന്ന് കൊല്ലമാണ്. അത് ഇക്കഴിഞ്ഞ ഇടയ്ക്കാണ് അതിന്‍റെ കാരണം കണ്ടെത്തി പരിഹരിച്ചത്. ബോര്‍ഡിന്‍റെ കെടുകാര്യസ്ഥതയും അനാസ്ഥയും കാരണം സംസ്ഥാനത്തിനകത്ത് ഉത്പാദിപ്പിക്കേണ്ട വൈദ്യുതിയാണ് പാഴായിപ്പോയത്. അമിത വിലക്കയറ്റം കൊണ്ട് ദുരിതം അനുഭവിക്കുന്ന ജനങ്ങള്‍ക്കും ആത്മഹത്യയുടെ വക്കിലെത്തിയ കര്‍ഷകര്‍ക്കും ചെറുകിട വ്യവസായികള്‍ക്കും കിട്ടിയ ഇരുട്ടടിയാണ് നിരക്ക് വര്‍ധന എന്നും അത് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ ശക്തമായ പ്രതിഷേധവുമായി യുഡിഎഫ് പ്രവര്‍ത്തകര്‍ തെരുവിലേക്ക് ഇറങ്ങുമെന്നും എം.എം. ഹസന്‍ പറഞ്ഞു.