ഇന്ന് മുഖ്യമന്ത്രി ഗവര്‍ണര്‍ നിര്‍ണായക കൂടികാഴ്ച്ച നടക്കും. സംസ്ഥാന സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ സര്‍വകലാശാലാ വിഷയങ്ങളിലടക്കം തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നതിനിടെയാണ് കൂടിക്കാഴ്ച്ച. ഇന്ന് വൈകിട്ട് മൂന്നരക്ക് രാജ് ഭവനിലാണ് കൂട്ടിക്കാഴ്ച്ച നടക്കുക. സര്‍ക്കാരിന് കടുത്ത തലവേദന സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന സര്‍വകലാശാലാ വിഷയങ്ങളില്‍ സമവായം കണ്ടെത്താനാണ് കൂടിക്കാഴ്ചയിലൂടെ ലക്ഷ്യമിടുന്നതെന്നാണ് വിലയിരുത്തപ്പെടുന്നു. കേരള സര്‍വകലാശാലാ വിസി നിയമനം, താല്‍ക്കാലിക വിസിമാരുടെ നിയമനം, സര്‍വകലാശാല രജിസ്ട്രാറുടെ സസ്‌പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളിലടക്കം ഗവര്‍ണറും സര്‍ക്കാരും തമ്മില്‍ രൂക്ഷമായ തര്‍ക്കങ്ങളാണ് നിലനില്‍ക്കുന്നത്.
സ്ഥിരം, താത്കാലിക വിസിമാരുടെ നിയമനം, കേരള സര്‍വകലാശാലയിലെ വിസി-റജിസ്ട്രാര്‍ തര്‍ക്കം ഉള്‍പ്പടെയുള്ള വിഷയങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകും. കേരള സര്‍വകലാശാല വിഷയത്തില്‍ വിട്ടുവീഴ്ചയ്ക്ക് സന്നദ്ധത അറിയിച്ച്, ഉന്നത വിദ്യാഭ്യാസ മന്ത്രി കഴിഞ്ഞ ദിവസം വിസി മോഹനന്‍ കുന്നുമ്മലുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാല്‍ രജിസ്ട്രാര്‍ സ്ഥാനത്ത് നിന്ന് കെ.എസ്.അനില്‍കുമാറിനെ മാറ്റണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ് വിസി . താത്കാലിക വിസി നിയമനം സര്‍ക്കാര്‍ നല്‍കുന്ന പട്ടികയില്‍ നിന്നായിരിക്കണം എന്ന ഹൈക്കോടതി വിധിക്കെതിരെ രാജ്ഭവന്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കാന്‍ ഒരുങ്ങുന്നതിനിടെയാണ് കൂടിക്കാഴ്ച.