ഇടുക്കി: തകർന്നടിഞ്ഞ് ഇടുക്കി പള്ളിവാസല്‍ പഞ്ചായത്തിലെ പീച്ചാട് – പ്ലാമല റോഡ്. മഴ പെയ്തതോടെ പീച്ചാട് പ്ലാമല റോഡ് കുണ്ടും കുഴിയുമായി നാട്ടുകാരുടെ നടുവൊടിക്കുന്നു. സ്‌കൂള്‍ ബസുകളടക്കം ദിവസവും നൂറുകണക്കിന് വാഹനങ്ങള്‍ കടന്നു പോകുന്ന വഴിയാണിത്. മാങ്കുളം, കുരിശുപാറ, പീച്ചാട് മേഖലകളില്‍ നിന്നും അടിമാലിയിലേക്ക് എളുപ്പത്തിലെത്താന്‍ സഹായിക്കുന്ന പാതയുടെ ഭാഗമാണ് പീച്ചാട് പ്ലാമല റോഡ്.
പീച്ചാട് മുതല്‍ പ്ലാമലസിറ്റി വരെയുള്ള രണ്ട് കിലോമീറ്ററിനടുത്ത റോഡാണ് യാത്രാ ക്ലേശം സമ്മാനിക്കുന്നത്. നിലവില്‍ ഈ റോഡ് കാല്‍നടയാത്ര പോലും ദുസഹമാക്കും വിധം തകര്‍ന്ന് കിടക്കുകയാണ്. മഴ പെയ്തതോടെ രൂപം കൊണ്ടിട്ടുള്ള കുഴികളില്‍ വെള്ളം കെട്ടികിടക്കുന്ന സ്ഥിതിയുണ്ട്. വാഹനങ്ങള്‍ പോകുമ്പോള്‍ ചെളി വെള്ളം കാല്‍നടയാത്രികരുടെമേല്‍ തെറിക്കുന്നു. പൊട്ടി പൊളിഞ്ഞ് കിടക്കുന്ന ഭാഗങ്ങളില്‍ ഇരുചക്രവാഹനയാത്രികര്‍ അപകടത്തില്‍പ്പെടുന്നതും ആവര്‍ത്തിക്കുന്നുണ്ട്. ഇതു വഴിയെത്തുന്ന ചെറുവാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുന്നതും പ്രതിസന്ധിയാകുന്നു.
ഈ റോഡ് പൂര്‍ണ്ണതോതില്‍ ടാറിംഗ് നടത്തി യാത്രാ യോഗ്യമാക്കിയിട്ട് നാളുകളായെന്ന ആക്ഷേപം പ്രദേശവാസികള്‍ക്കുണ്ട്. മാങ്കുളത്തേക്കെത്തുന്ന നിരവധി വിനോദ സഞ്ചാര വാഹനങ്ങളും ഇതുവഴി കടന്നു പോകുന്നു. റോഡ് പൂര്‍ണ്ണമായി തകര്‍ന്ന് കിടക്കുന്ന ഭാഗങ്ങളില്‍ താല്‍ക്കാലികമായെങ്കിലും കുഴികളടച്ച് യാത്ര സുഗമമാക്കാന്‍ നടപടി വേണമെന്നാണ് ആവശ്യം.