സിന്ധുവിനെ കൊലപ്പെടുത്തിയത് ശ്വാസം മുട്ടിച്ചെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്; പ്രതിക്കായി തെരച്ചില്‍ ഊര്‍ജിതമാക്കി പൊലീസ്

Jaihind Webdesk
Saturday, September 4, 2021

ഇടുക്കി : പണിക്കന്‍കുടിയില്‍ സമീപവാസിയുടെ അടുക്കളയില്‍ കുഴിച്ചിട്ടനിലയില്‍ കണ്ടെത്തിയ വീട്ടമ്മയുടെ മൃതദേഹം പുറത്തെടുത്ത് കോട്ടയം മെഡിക്കൽ കോളേജിൽ പോസ്റ്റ് മാര്‍ട്ടം നടത്തി. ശ്വാസം മുട്ടിയാണ് മരണം സംഭവിച്ചതെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്‌. മർദ്ദനവും ഏറ്റിട്ടുണ്ട്. അതേ സമയം  മരണത്തിൽ ഒന്നിൽ കൂടുതൽ ആളുകൾ ഉൾപ്പെട്ടതായി  കൊല്ലപ്പെട്ട സിന്ധുവിന്‍റെ മകൻ അരുൺ ആരോപിച്ചു.  പൊലീസ് കേസന്വേഷണത്തിൽ അനാസ്ഥ കാട്ടിയെന്നും സിന്ധുവിന്‍റെ മകൻ ആരോപിച്ചു.

കഴിഞ്ഞ ദിവസമാണ് കാമാക്ഷി സ്വദേശിയും പണിക്കന്‍കുടിയില്‍ വാടകയ്ക്ക് താമസിക്കുകയുമായിരുന്ന സിന്ധുവിന്‍റെ മൃതദേഹം ബന്ധുക്കള്‍ നടത്തിയ തെരച്ചിലില്‍ സമീപവാസിയായ മാണിക്കുന്നേല്‍ ബിനോയിയുടെ വീടിന്‍റെ അടുക്കളയില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസ് എത്തി നടപടികള്‍ സ്വീകരിച്ചെങ്കിലും സമയം വൈകിയതിനല്‍  മൃതദേഹം പുറത്തെടുക്കുവാന്‍ സാധിച്ചില്ല. ഇന്നലെ  കോട്ടത്തുനിന്നുള്ള ഫോറന്‍സിക് വിദഗ്ധരെത്തി പരിശോധന നടത്തിയതിന് ശേഷം ഇടുക്കി തഹസില്‍ദാര്‍ വിന്‍സെന്‍റ് ജോസഫിന്‍റെ സാന്നിധ്യത്തില്‍ മൃതദേഹം പുറത്തെടുക്കുകയായിരുന്നു.

വസ്ത്രങ്ങള്‍ ഇല്ലാത്ത നിലയായിരുന്നു മൃതദേഹം. മുഖം പ്ലാസ്റ്റിക് കവര്‍ ഉ hയോഗിച്ച് മറച്ചിരുന്നു. കുഴിക്കുള്ളില്‍ ഇറക്കി ഇരുത്തിയതിന് ശേഷം മൂടുകയാണ് ചെയ്തത്.   ഇടുക്കി ഡിവൈഎസ്പി ഇമ്മാനുവേല്‍ പോളിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇന്‍ക്വസ്റ്റ് തയാറാക്കി മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് അയച്ചത്. മരണത്തിൽ കൂടുതൽ പേർക്ക് പങ്കുള്ളതായി മകൻ പറയുന്നു. അതേസമയം കഴിഞ്ഞ പതിനാറാം തീയതി മുതല്‍ ഒളിവില്‍ പോയ പ്രതിയെന്ന് സംശയിക്കുന്ന അയല്‍വാസി ബിനോയിക്ക് വേണ്ടി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയതായും പൊലീസ് പറഞ്ഞു.