ഓട്ടോറിക്ഷകളിലെ തെരഞ്ഞെടുപ്പ് പോസ്റ്ററുകൾ നിയമവിരുദ്ധം ; എല്‍ഡിഎഫ് ചട്ടലംഘനത്തിനെതിരെ കോണ്‍ഗ്രസ് ഹൈക്കോടതിയിലേക്ക്

Jaihind News Bureau
Thursday, March 11, 2021

തിരുവനന്തപുരം : ഓട്ടോറിക്ഷകളിലെ എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണ പോസ്റ്ററുകൾ നിയമവിരുദ്ധമെന്ന് പരാതി. മോട്ടോര്‍ വാഹന നിയമത്തിന്‍റെ ലംഘനമാണിതെന്നും ആക്ഷേപം ഉയരുന്നു. ചട്ടലംഘനത്തിന് മോട്ടോര്‍ വാഹന വകുപ്പ് ഒത്താശ ചെയ്യുന്നുവെന്നാരോപിച്ച് കോണ്‍ഗ്രസ് ഹൈക്കോടതിയെ സമീപിക്കും.

ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ വാക്യം പോസ്റ്ററുകളായും ഫ്ലക്സായും ഓട്ടോറിക്ഷകളില്‍ വ്യാപകമായി പതിപ്പിക്കുകയാണ്. തലസ്ഥാന നഗരത്തില്‍ നിരവധി ഓട്ടോറിക്ഷകള്‍ ഈ പരസ്യവാചകവുമായി സവാരി നടത്തുന്നു. മോട്ടോര്‍ വാഹന നിയമം അനുസരിച്ച് ഓട്ടോറിക്ഷകളുടെ മുന്‍ഭാഗം മഞ്ഞനിറത്തിലും ബാക്കി ഭാഗം കറുത്ത നിറത്തിലുമായിരിക്കണം. എന്നാൽ ഇതു ലംഘിച്ചാണ് സവാരി നടത്തുന്നത്. നിരവധി ഓട്ടോറിക്ഷകളുടെ പിന്‍ഭാഗം മുതല്‍ മുകള്‍ ഭാഗം വരെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നതിനായി നിറം മാറ്റുന്നുണ്ട്. ഇത് നിയമവിരുദ്ധമായിട്ടും മോട്ടോര്‍ വാഹന വകുപ്പ് നടപടി എടുക്കാതെ കണ്ണടയ്ക്കുകയാണ്.

ഇനി പരസ്യത്തിനോ പ്രചാരണത്തിനോ അനുമതി ലഭിക്കണമെങ്കിൽ നിശ്ചിത തുക ഫീസ് ഒടുക്കണം. എന്നാല്‍ തെരഞ്ഞെടുപ്പ് പ്രചരണ പോസ്റ്റര്‍ പതിച്ച ഓട്ടോറിക്ഷകളൊന്നും ഇത്തരത്തില്‍ ഫീസടച്ച് അനുമതി തേടിയിട്ടില്ല. രണ്ടു ദിവസത്തിനകം ചട്ടലംഘനം ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ സമീപിക്കുമെന്ന് ജില്ലാ കോൺഗ്രസ്‌ നേതൃത്വം അറിയിച്ചു അറിയിച്ചു.