
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മരണാനന്തര അവയവദാനം. വാഹനാപകടത്തിൽ മരിച്ച കിളിമാനൂർ സ്വദേശിയും ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലെ ക്ലർക്കുമായ ജിജിനാണ് അഞ്ചുപേർക്ക് പുതുജീവനേകിയത്. ജിജിന്റെ അഞ്ച് അവയവങ്ങളാണ് ദാനം ചെയ്തത്. ഹൃദയം, കരൾ, വൃക്കകൾ, കോർണിയ എന്നിവയാണ് ദാനം ചെയ്തത്.
ഫെബ്രുവരി 22നാണ് ജിജിന് അപകടം സംഭവിക്കുന്നത്. പുലർച്ചെ വീട്ടിലേക്ക് വരുന്ന വഴി കല്ലമ്പലത്തിന് സമീപം തോട്ടക്കാട് വച്ച് ജിജിൻ സഞ്ചരിച്ചിരുന്ന ബൈക്കിൽ ഒരു കാർ വന്നിടിക്കുകയായിരുന്നു. അപകടത്തില്‍ ജിജിന് ഗുരുതരമായി പരുക്കേറ്റു. ആദ്യം സ്വകാര്യ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു. പിന്നീടാണ് കുടുംബം അവയവ ദാനത്തിന് തീരുമാനമെടുത്തത്.
വാഹനാപകടത്തിൽ പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു തിരുവനന്തപുരം കിംസ് ആശുപത്രിയിൽ കഴിയുന്ന വ്യക്തിക്കാണ് ജിജിന്റെ ഹൃദയം ദാനം ചെയ്യുന്നത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും കിംസിലേക്ക് ഹൃദയം എത്തിച്ചിട്ടുണ്ട്. ഉടനെ തന്നെ ശസ്ത്രക്രിയ നടപടികൾ ആരംഭിക്കുമെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. വൃക്കയും നേത്രപടലങ്ങളും നല്‍കാനുള്ള സ്വീകര്‍ത്താക്കളെ നിലവില്‍ ലഭ്യമായിട്ടുണ്ട്. ഒരു വൃക്കയും കരളും 9 മണിയോടെ കിംസ് ആശുപത്രിയിലെത്തിക്കും. ഒരു വൃക്ക മെഡിക്കൽ കോളേജിൽ തന്നെ ചികിത്സയിൽ കഴിയുന്ന രോഗിക്കാണ് നൽകുന്നത്.