‘രക്തസാക്ഷികള്‍ പൊറുക്കില്ലെടോ വർഗവഞ്ചകാ’ ; ജി സുധാകരനെതിരെ രക്തസാക്ഷി മണ്ഡപത്തില്‍ പോസ്റ്റർ

Jaihind Webdesk
Thursday, April 22, 2021

ആലപ്പുഴ : പുന്നപ്ര വയലാർ സ്മാരകത്തിൽ മന്ത്രി ജി സുധാകരനെതിരെ പോസ്റ്റർ. ‘വർഗവഞ്ചകന്‍’ എന്നാണ് പോസ്റ്ററില്‍ വിശേഷിപ്പിക്കുന്നത്. ‘രക്തസാക്ഷികള്‍ പൊറുക്കില്ലെടോ, വർഗവഞ്ചകാ ജി സുധാകരാ’ എന്നാണ് പോസ്റ്ററിലെ ഉള്ളടക്കം. സ്ഥാനാർത്ഥി നിർണയത്തിന് ശേഷം സിപിഎമ്മിൽ രൂപപ്പെട്ട വിഭാഗീയതയുടെ തുടർച്ചയാണ് മന്ത്രിക്കെതിരെയായ പോസ്റ്റർ.

സ്ത്രീ വിരുദ്ധ പരാമർശത്തില്‍ ജി സുധാകരനെതിരായ പരാതി സിപിഎമ്മില്‍ കൊടുമ്പിരി കൊണ്ടിരിക്കുന്നതിനിടെയാണ് മന്ത്രിക്കെതിരെ ഇപ്പോള്‍ പോസ്റ്റർ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ശക്തമായ വിഭാഗീയതയാണ് ആലപ്പുഴ സിപിഎമ്മില്‍ നിലനില്‍ക്കുന്നത്. മന്ത്രിയുടെ മുന്‍ പേഴ്സണല്‍ സ്റ്റാഫ് അംഗത്തിന്‍റെ ഭാര്യ സുധാകരനെതിരെ പരാതി നല്‍കിയെങ്കിലും നടപടിയെടുക്കാന്‍ പൊലീസ് തയാറായിരുന്നില്ല. പിന്നീട് തന്‍റെ ജീവന് ഭീഷണിയുണ്ടെന്ന് പരാതിക്കാരി വ്യക്തമാക്കുകയും ചെയ്തിരുന്നു. പരാതി പിന്‍വലിക്കാന്‍ കടുത്ത സമ്മർദ്ദമുണ്ടെന്നും എന്നാല്‍ മന്ത്രി മാപ്പ് പറയാതെ പരാതി പിന്‍വലിക്കില്ലെന്നും ഇവർ വ്യക്തമാക്കി. അതേസമയം തനിക്കെതിരെ പൊളിറ്റിക്കല്‍ ക്രിമിനലുകള്‍ ഗൂഢാലോചന നടത്തുന്നുവെന്നാണ് മന്ത്രി ജി സുധാകരന്‍ പറയുന്നത്.

ഇതിനിടെ കായംകുളം എം.എല്‍.എ യു പ്രതിഭയുടെ ഫേസ്ബുക്ക് പോസ്റ്റും സിപിഎം വിഭാഗീയതയുടെ അനുരണനമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. ‘പൊട്ടനെ ചട്ടന്‍ ചതിച്ചാല്‍ ചട്ടനെ ദൈവം ചതിക്കും’ എന്നായിരുന്നു എം.എല്‍.എയുടെ ഫേസ്ബുക്ക് അക്കൌണ്ടില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്റ്. ഇത് സുധാകരനെ ലക്ഷ്യമിട്ടാണോയെന്ന ചർച്ചകള്‍ കത്തിക്കയറിയതോടെ നേതൃത്വം വിവാദത്തില്‍ ഇടപെട്ടു. ഇതോടെ തന്‍റെ അക്കൌണ്ട് ഹാക്ക് ചെയ്യപ്പെട്ടെന്ന വാദവുമായി പ്രതിഭ രംഗത്തെത്തി. എന്നാല്‍ ഇക്കാര്യം മുഖവിലയ്ക്കെടുക്കാന്‍ പാർട്ടി പോലും തയാറായിട്ടില്ല. ആലപ്പുഴ സിപിഎമ്മിലെ വിഭാഗീയത രൂക്ഷമായിരിക്കുന്നതിനിടെയാണ് ഇപ്പോള്‍ രക്തസാക്ഷി മണ്ഡപത്തില്‍ മന്ത്രിക്കെതിരെ പോസ്റ്ററും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.