‘നമ്മുടെ വിയര്‍പ്പിലും വോട്ടിലും മന്ത്രിയായ ആള്‍ മൗനം വെടിയണം; മുഖ്യമന്ത്രി നീതി നടപ്പാക്കണം’; വീണാ ജോർജിനെതിരെ പള്ളികളില്‍ പോസ്റ്റർ

Jaihind Webdesk
Sunday, April 2, 2023

 

പത്തനംതിട്ട: ഓർത്തഡോക്‌സ് പള്ളികളിൽ ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ പോസ്റ്ററുകൾ. ചര്‍ച്ച് ബില്ലില്‍ മന്ത്രി മൗനം വെടിയണമെന്നാവശ്യപ്പെട്ടാണ് പോസ്റ്റര്‍. സഭയുടെ വോട്ട് വാങ്ങി മന്ത്രിയായ ആൾ സഭാതർക്കം പരിഹരിക്കുന്നതിൽ ഇടപെടുന്നില്ല എന്നാണ് ഓർത്തഡോക്‌സ് യുവജന പ്രസ്ഥാനത്തിന്‍റെ പേരിലുള്ള പോസ്റ്ററിലെ ആക്ഷേപം. മുഖ്യമന്ത്രി പിണറായി വിജയന്‍ നീതി നടപ്പാക്കണമെന്നും പോസ്റ്ററിലുണ്ട്. ഓര്‍ത്തഡോക്‌സ് യുവജനം എന്ന പേരിലാണ് പോസ്റ്ററുകള്‍ വിവിധയിടങ്ങളില്‍ പതിപ്പിച്ചിരിക്കുന്നത്.

‘ചര്‍ച്ച് ബില്‍; പിണറായി വിജയന്‍ നീതി നടപ്പാക്കണം, നമ്മുടെ വിയര്‍പ്പിലും വോട്ടിലും മന്ത്രിയായ വീണാ ജോര്‍ജ് മൗനം വെടിയണം’ എന്നിങ്ങനെയാണ് പോസ്റ്ററുകളിലുള്ളത്. സഭാ താത്പര്യങ്ങള്‍ക്കെതിരായി ബില്ല് കൊണ്ടുവരുന്നതിലാണ് പ്രതിഷേധം. ഓർത്തഡോക്സ് സഭയുടെ പ്രതിനിധി കൂടിയായ മന്ത്രി വീണാ ജോർജ് സർക്കാരിനെ ഇക്കാര്യങ്ങള്‍ ബോധ്യപ്പെടുത്തുന്നില്ലെന്നാണ് ആക്ഷേപം.