പോര്‍ച്ചുഗല്‍ ഫൈനലിലെത്തും, എതിരാളികളായി ബ്രസീലിനെ വേണം; ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

Jaihind Webdesk
Friday, November 18, 2022

ഖത്തര്‍: ഖത്തറില്‍ നടക്കുന്ന ഫുട്‌ബോള്‍ ലോകകപ്പില്‍ പോര്‍ച്ചുഗല്‍ ഫൈനലില്‍ എത്തുമെന്ന് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ഫൈനലില്‍ ബ്രസീലിനെ എതിരാളികളായി വേണമെന്നുമാണ് താരത്തിന്‍റെ ആഗ്രഹം. യുണൈറ്റഡില്‍ പരിശീലനം നടത്തുമ്പോള്‍ ബ്രസീലിയന്‍ താരമായി കാസിമിറോയുടെ ഇക്കാര്യം തമാശരൂപത്തില്‍ പറയാറുണ്ട്. ബ്രസീല്‍ പോര്‍ച്ചുഗല്‍ ഫൈനല്‍ സംഭവിച്ചാല്‍ ഇതിനേക്കാള്‍ വലിയൊരു പോരാട്ടം ഉണ്ടാവാനില്ല. ഈ സ്വപ്നഫൈനല്‍ നടക്കുക അത്ര എളുപ്പമല്ലെന്ന് തനിക്കറിയാമെന്നും റൊണാള്‍ഡോ പറയുന്നു. അതെ സമയം ഖത്തറിലെ ചൂടുള്ള കാലവസ്ഥ കളിക്കാര്‍ക്ക് വലിയ വെല്ലുവിളിയാവുമെന്ന വിലയിരുത്തലുകള്‍ റൊണാള്‍ഡോ തള്ളി. പ്രഫഷണല്‍ കളിക്കാരനെന്ന നിലയില്‍ ഏത് കാലാവസ്ഥയിലും കളിക്കാന്‍ തനിക്കാകുമെന്നും ചൂടുള്ള കാലവസ്ഥയില്‍ കളിക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും റൊണാള്‍ഡോ പറഞ്ഞു.
അഞ്ചാം ലോകകപ്പിന് ബൂട്ടുകെട്ടുന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലക്ഷ്യം ആദ്യ കിരീടം തന്നെയാണ്. 2006 മുതല്‍ നാല് ലോകകപ്പില്‍ കളിച്ചിട്ടുള്ള റൊണാള്‍ഡോ 17 കളിയില്‍ ഏഴ് ഗോള്‍ നേടിയിട്ടുണ്ട്. അന്താരാഷ്ട്ര ഫുട്‌ബോളില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരമായ റൊണാള്‍ഡോ 191 കളിയില്‍ 117 തവണ പോര്‍ച്ചുഗലിനായി ലക്ഷ്യം കണ്ടു. 43 അസിസ്റ്റുകളു റൊണാള്‍ഡോയുടെ പേരിലുണ്ട്. ഗ്രൂപ്പ് എച്ചില്‍ ഘാന, ഉറുഗ്വേ, ദക്ഷിണ കൊറിയ എന്നിവരാണ് പോര്‍ച്ചുഗലിന്‍റെ എതിരാളികള്‍. വ്യാഴാഴ്ച ഘാനയ്‌ക്കെതിരെയാണ് പോര്‍ച്ചുഗലിന്‍റെ  ആദ്യമത്സരം.