പോപ്പുലർ ഫ്രണ്ടും ആർഎസ്എസും ഒരു നാണയത്തിന്‍റെ രണ്ടു വശങ്ങൾ; സിപിഎം വർഗീയതയ്ക്ക് കുട പിടിക്കുന്നു: പ്രതിപക്ഷ നേതാവ്

Jaihind Webdesk
Saturday, September 24, 2022

തൃശൂർ: പോപ്പുലർ ഫ്രണ്ടും ആർ എസ് എസും ഒരു നാണയത്തിന്‍റെ രണ്ടു വശങ്ങളെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. പോപ്പുലർ ഫ്രണ്ട് ഹർത്താലിലെ അക്രമങ്ങളെ അദ്ദേഹം അപലപിച്ചു. സംസ്ഥാനത്ത് ഹര്‍ത്താല്‍ ദിവസം പോപ്പുലർ ഫ്രണ്ട് അഴിഞ്ഞാടിയിട്ടും പോലീസ് നിഷ്ക്രിയമായിരുന്നു. മുഖ്യമന്ത്രി അക്രമങ്ങളെ തള്ളി പറയാന്‍ തയാറായില്ല. ആർഎസ്എസുമായി സിപിഎമ്മിന് രഹസ്യ സന്ധിയുണ്ടെന്നും വർഗീയതക്കെതിരായ സിപിഎം നിലപാട് കാപട്യമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

ഭൂരിപക്ഷ-ന്യൂനപക്ഷ വർഗീയതയ്ക്ക് സിപിഎം കുട പിടിക്കുകയാണ് ചെയ്യുന്നത്. കണ്ണൂർ സർവകലാശാല സിലബസിൽ ആർഎസ്എസ് ആചാര്യൻമാരുടെ പുസ്തകങ്ങൾ. പോപ്പുലർ ഫ്രണ്ടും ആർഎസ്എസും ഒരു നാണയത്തിന്‍റെ രണ്ടു വശങ്ങളാണെന്നും പരസ്പരം പാലൂട്ടി വളർത്തുന്ന സംഘടനകളാണിതെന്നും വി.ഡി സതീശന്‍ കുറ്റപ്പെടുത്തി. തൃശൂരില്‍ മാധ്യമങ്ങളെ കാണുകയായിരുന്നു പ്രതിപക്ഷ നേതാവ്.