കുട്ടിയെക്കൊണ്ട് വിദ്വേഷ മുദ്രാവാക്യം വിളിപ്പിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍; ഈരാറ്റുപേട്ടയിൽ പ്രതിഷേധ പ്രകടനം നടത്തി പോപ്പുലർ ഫ്രണ്ട്

Jaihind Webdesk
Tuesday, May 24, 2022

കോട്ടയം : പോപ്പുലർ ഫ്രണ്ട് റാലിയിൽ കുട്ടിയെ കൊണ്ട് വിദ്വേഷ മുദ്രാവാക്യം വിളിപ്പിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. കുട്ടിയെ തോളിലേറ്റി നടന്ന ഈരാറ്റുപേട്ട സ്വദേശി അൻസാർ ആണ് അറസ്റ്റിലായത്. ഇന്ന് രാവിലെയാണ് ഇയാളെ പിടികൂടിയത്. നടപടിക്കെതിരെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ ഈരാറ്റുപേട്ടയിൽ പ്രതിഷേധ പ്രകടനം നടത്തി.

കഴിഞ്ഞ ശനിയാഴ്ച ആലപ്പുഴയിൽ പോപ്പുലർ ഫ്രണ്ട് നടത്തിയ റാലിയിലാണ് ഒരാളുടെ തോളിലേറ്റി കുട്ടിയെക്കൊണ്ട് പ്രകോപനപരമായ മുദ്രാവാക്യം വിളിപ്പിച്ചത്. സമൂഹമാധ്യമങ്ങളില്‍ ഇതിന്‍റെ വീഡിയോ വൈറലായിരുന്നു. ഇതിനെതിരെ വന്‍ പ്രതിഷേധവും ഉയര്‍ന്നു. ഇതിനെ തുടർന്ന് മതസ്പർധ വളർത്തുന്ന വിധം മുദ്രാവാക്യം വിളിച്ചതിന് പൊലീസ് ഇന്നലെ കേസെടുത്തിരുന്നു. പ്രാഥമിക അന്വേഷണത്തിന് ശേഷമാണ് ആലപ്പുഴ സൗത്ത് പൊലീസ് കേസെടുത്തത്. 153 A വകുപ്പ് പ്രകാരം മതസ്പർധ വളർത്തുന്ന കുറ്റം ചെയ്തതിനാണ് കേസ്. കുട്ടിയെ കൊണ്ടുവന്നവരും സംഘാടകരുമാണ് പ്രതികള്‍. ഈ സാഹചര്യത്തിലാണ് പ്രാഥമിക അന്വേഷണം നടത്തിയ ശേഷം പൊലീസ് കേസടുത്തത്.

അതേ സമയം മുദ്രാവാക്യം വിളിച്ചവർക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ബിജെപി ആലപ്പുഴ ജില്ലാ നേതൃത്വം പോലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു. ഇതിനിടെ അൻസാറിനെ പോലീസ് കസ്റ്റഡിയിൽ എടുത്തതിനെ തുടർന്ന് ഈരാറ്റുപേട്ട ടൗണിൽ പ്രതിഷേധവുമായി പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ രംഗത്തെത്തി. ഇന്ന് രാവിലെ ആലപ്പുഴയിൽ നിന്നെത്തിയ പോലീസ് സംഘമാണ് അൻസാറിനെ കസ്റ്റഡിയിലെടുത്തത്. ഇയാളെ വിശദമായ ചോദ്യം ചെയ്യലിനും മറ്റുമായി പോലീസ് ആലപ്പുഴയിലേക്ക് കൊണ്ടുപോയി.