‘എനിക്ക് രാഷ്ട്രീയമില്ല, യുദ്ധത്തോട് വിട്ടുവീഴ്ചയുമില്ല’; ട്രംപിന്റെ വെല്ലുവിളി ഏറ്റെടുത്ത് മാർപ്പാപ്പ

Jaihind News Bureau
Monday, April 13, 2026

വത്തിക്കാൻ സിറ്റി/വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ രൂക്ഷമായ വിമർശനങ്ങൾക്കും കടന്നാക്രമണങ്ങൾക്കും മറുപടിയുമായി ലിയോ പതിനാലാമൻ മാർപ്പാപ്പ. താൻ ഒരു രാഷ്ട്രീയക്കാരനല്ലെന്നും അതിനാൽ ട്രംപുമായി തർക്കത്തിനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ട്രംപ് ഭരണകൂടത്തെ ഭയമില്ലെന്ന് പ്രഖ്യാപിച്ച മാർപ്പാപ്പ, ലോകത്ത് സമാധാനം പുലരാനാണ് ആഗ്രഹിക്കുന്നതെന്നും യുദ്ധങ്ങൾ അവസാനിക്കണമെന്ന തന്റെ നിലപാടിൽ മാറ്റമില്ലെന്നും ആവർത്തിച്ചു. സമാധാനം ഉണ്ടാക്കുന്നവർ ഭാഗ്യവാന്മാർ എന്ന് ഓർമ്മിപ്പിച്ച അദ്ദേഹം, അനീതിക്കും യുദ്ധത്തിനുമെതിരെ ഇനിയും ശബ്ദം ഉയർത്തുമെന്നും വ്യക്തമാക്കി.

മേരിലാൻഡിലെ ജോയിന്റ് ബേസ് ആൻഡ്രൂസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ട്രംപ് മാർപ്പാപ്പയെ വീണ്ടും തള്ളിയത്. പോപ്പ് അമിതമായി ലിബറലാണെന്നും കുറ്റകൃത്യങ്ങൾ തടയുന്നതിൽ അദ്ദേഹം വിശ്വസിക്കുന്നില്ലെന്നുമാണ് ട്രംപിന്റെ പ്രധാന ആരോപണം. ഇറാനെപ്പോലെ ആണവായുധം ആഗ്രഹിക്കുന്ന രാജ്യങ്ങളുമായി മാർപ്പാപ്പ കളിക്കുകയാണെന്നും ഇത് അമേരിക്കയുടെ സുരക്ഷയെ ബാധിക്കുമെന്നും ട്രംപ് കുറ്റപ്പെടുത്തി. തന്റെ വിദേശനയങ്ങളെ വിമർശിക്കാൻ മാർപ്പാപ്പയ്ക്ക് അവകാശമില്ലെന്ന കർക്കശമായ നിലപാടിലാണ് ട്രംപ്.

കഴിഞ്ഞ ശനിയാഴ്ച സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ വെച്ച് ലോകനേതാക്കളോട് അക്രമം അവസാനിപ്പിക്കാൻ മാർപ്പാപ്പ അഭ്യർത്ഥിച്ചതാണ് ട്രംപിനെ ചൊടിപ്പിച്ചത്. “അധികാരപ്രകടനവും യുദ്ധവും പണത്തോടുള്ള ആരാധനയും മതിയാക്കണം” എന്ന മാർപ്പാപ്പയുടെ വാക്കുകൾ ഇറാന് അനുകൂലമാണെന്ന് ട്രംപ് വ്യാഖ്യാനിച്ചു. ഇതിന് പിന്നാലെയാണ് “ഇറാൻ ആണവായുധം കൈവശം വെക്കുന്നത് ശരിയാണെന്ന് കരുതുന്ന ഒരു പോപ്പിനെ എനിക്ക് വേണ്ട” എന്ന് ട്രംപ് തന്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിലൂടെ പരസ്യമായി പ്രതികരിച്ചത്.