ഫ്രാന്‍സിസ് മാര്‍പാപ്പ യു.എ.ഇ മണ്ണില്‍ ; വിമാനത്താവളത്തില്‍ നേരിട്ടെത്തി സ്വീകരിച്ച് അബുദാബി കിരീടാവകാശി

അബുദാബി : അറേബ്യന്‍ ഉപദ്വീപിലേക്കുളള ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പ്രഥമ സന്ദര്‍ശനത്തിന് യു.എ.ഇ തലസ്ഥാനമായ അബുദാബിയില്‍ തുടക്കമായി. സഹിഷ്ണുതയും സാഹോദര്യവും അടയാളപ്പെടുത്തിയ മഹാസംഗമങ്ങളോടെയാണ് ഈ മൂന്ന് ദിവസത്തെ സന്ദര്‍ശനം. അബുദാബിയിലെ മാര്‍പാപ്പയുടെ ഔദ്യോഗിക മാധ്യമ സംഘത്തില്‍ നിന്നും ജയ്ഹിന്ദ് ടി.വി മിഡില്‍ ഈസ്റ്റ് എഡിറ്റോറിയില്‍ മേധാവി എല്‍വിസ് ചുമ്മാറിന്‍റെ റിപ്പോര്‍ട്ട്.

സാഹോദര്യത്തിന്‍റെ പുതിയ ചരിത്രം രചിച്ചാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പ്രഥമ ഗള്‍ഫ് സന്ദര്‍ശനത്തിന് തുടക്കമായത്. അബുദാബിയിലെത്തിയ മാര്‍പാപ്പയ്ക്ക്  പ്രസിഡന്‍ഷ്യല്‍ വിമാനത്താവളത്തില്‍ രാജകീയ സ്വീകരണം നല്‍കി. അബുദാബി കിരീടാവകാശിയും യു.എ.ഇ ഉപസര്‍വ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ വിമാനത്താവളത്തില്‍ നേരിട്ടെത്തി മാര്‍പാപ്പയെ സ്വീകരിച്ചു. അറബ് സംസ്‌കാരവും പാരമ്പര്യവും സമന്വയിച്ച പരിപാടികളും ഇതോടൊപ്പം ഒരുക്കി. അറബ് പരമ്പരാഗത വസ്ത്രം ധരിച്ചെത്തിയ കുട്ടികള്‍ പൂച്ചെണ്ട് നല്‍കി പുഞ്ചിരിച്ച് കുശലം പറഞ്ഞ് പാപ്പയെ സ്വീകരിച്ചു.

അല്‍ മുഷ്‌റിഫ് രാജ കൊട്ടാരത്തിലാണ് മാര്‍പാപ്പയുടെ താമസം. യു.എ.ഇയും വത്തിക്കാനും തമ്മില്‍ വര്‍ഷങ്ങളായി തുടരുന്ന നയതന്ത്ര ബന്ധവും മാര്‍പാപ്പയുടെ യു.എ.ഇ സന്ദര്‍ശനത്തിലൂടെ, കൂടുതല്‍ കരുത്താര്‍ജിക്കും. 2007 ലാണ് ഇരുരാജ്യങ്ങളും തമ്മില്‍ നയതന്ത്രബന്ധം സ്ഥാപിച്ചത്. പരസ്പര സൗഹൃദബന്ധം പ്രോത്സാഹിപ്പിക്കാനും രാജ്യാന്തര സഹകരണം കൂടുതല്‍ ശക്തിപ്പെടുത്താനും ഇത് വഴി തുറക്കും. ഒപ്പം പുത്തന്‍ പ്രതീക്ഷകള്‍ക്കും ഇത് തുടക്കമാകുമെന്ന് വിലയിരുത്തപ്പെടുന്നു. കൂടാതെ 2019 വര്‍ഷം സഹിഷ്ണുതാ വര്‍ഷമായി ആചരിക്കുന്ന യു.എ.ഇയ്ക്ക് പാപ്പയുടെ സന്ദര്‍ശനം മറ്റൊരു ചരിത്രമാകും.

മതങ്ങള്‍ക്കും സംസ്‌കാരങ്ങള്‍ക്കും അപ്പുറം മാനവികതയെ ഉയര്‍ത്തിക്കാട്ടുക എന്ന വലിയ ലക്ഷ്യത്തോടെയുമാണ് രണ്ട് ദിവസത്തെ പരിപാടികള്‍ ഒരുക്കിയിട്ടുള്ളത്. അസീസിയിലെ വിശുദ്ധ ഫ്രാന്‍സിസിന്‍റെ ജീവിതം മാതൃകയാക്കിയ ഫ്രാന്‍സിസ് മാര്‍പാപ്പയെ പാവങ്ങളോട് എന്നും കരുണ കാണിക്കുന്ന മാര്‍പാപ്പ എന്നാണ് ലോകം വിളിക്കുന്നത്. അറബ് ലോകത്തിന് കാരുണ്യത്തിന്‍റെ പുതിയ മാതൃക പരിചയപ്പെടുത്താനും ഈ സന്ദര്‍ശനം വഴിതുറക്കുമെന്നും വിലയിരുത്തപ്പെടുന്നു.

Pope Francis MarpapaPope Francis
Comments (0)
Add Comment