പൂരം കലക്കൽ: സുരേഷ് ഗോപിക്കെതിരെ തൃശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ക്ക്പരാതി നൽകി സിപിഐ

Jaihind Webdesk
Saturday, September 28, 2024

 

തൃശൂർ: പൂരം കലക്കൽ വിവാദത്തിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ പരാതി നൽകി സിപിഐ. തൃശൂർ സിറ്റി പോലീസ് കമ്മിഷണർക്കാണു പരാതി നൽകിയത്. തൃശൂർ പൂരം അലങ്കോലമായതിനെ തുടർന്ന് ബിജെപി സ്ഥാനാർത്ഥിയായിരുന്ന സുരേഷ് ഗോപി നിയമവിരുദ്ധമായി ആംബുലൻസിൽ സഞ്ചരിച്ചുവെന്നാരോപിച്ചാണ് സിപിഐ പരാതി നല്‍കിയത്. പൂരം അലങ്കോലമായ രാത്രി വീട്ടിൽ നിന്നും തിരുവമ്പാടി ദേവസ്വം ഓഫീസിലേക്ക് സേവാഭാരതിയുടെ ആംബുലൻസിലാണ് സുരേഷ് ഗോപി എത്തിയത്.

രോഗികളെ കൊണ്ടുപോകുന്നതിനു വേണ്ടി മാത്രമുള്ള ആംബുലൻസ് ബിജെപി സ്ഥാനാർഥിയായിരുന്ന അദ്ദേഹം നിയമവിരുദ്ധമായി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചു. മോട്ടോർ വെഹിക്കിൾ ആക്ട് പ്രകാരം ആംബുലൻസ് രോഗികൾക്ക് സഞ്ചരിക്കാൻ ഉള്ളതാണെന്നും വ്യക്തിയുടെ സ്വകാര്യയാത്രയ്ക്ക് ഉപയോഗിക്കാൻ പാടില്ലെന്നും പരാതിയിൽ പറയുന്നു. സിപിഐ തൃശൂർ മണ്ഡലം സെക്രട്ടറി സുമേഷ് കെ.പിയാണു പരാതി നൽകിയത്. പോലീസ് കമ്മിഷണർക്കു പുറമെ ജോയിന്‍റ് ആർടിഒക്കും പരാതി നൽകിയിട്ടുണ്ട്.