രാജ്യം അരക്ഷിതാവസ്ഥയിലേക്ക്; സാമ്പത്തിക അന്തരം വര്‍ദ്ധിക്കുന്നു; 50 ശതമാനം സ്വത്ത് ഒമ്പതുപേരുടെ കൈയില്‍

ഇന്ത്യയില്‍ സാമ്പത്തിക അന്തരം പെരുകുന്നു, അതിസമ്പന്നരായ 9 പേരുടെ സ്വത്ത് 50 ശതമാനം ജനങ്ങളുടെ ആസ്തിക്ക് തുല്യം. ഈ സാമ്പത്തികാന്തരം രാജ്യത്തെ അരക്ഷിതാവസ്ഥയിലേക്ക് നയിക്കുമെന്ന് ലോക സാമ്പത്തിക ഫോറം മുന്നറിയിപ്പ്.
ഇന്ത്യയില്‍ പണക്കാരും പാവപ്പെട്ടവരും തമ്മിലുള്ള സാമ്പത്തിക അന്തരം 2018 ല്‍ അതിരൂക്ഷമായി വര്‍ധിച്ചുവെന്നാണ് ലോക സാമ്പത്തിക ഫോറത്തിന്റെ വിലയിരുത്തല്‍. രാജ്യത്തെ ഒരു ശതമാനം വരുന്ന സമ്പന്നരുടെ സ്വത്തില്‍ കഴിഞ്ഞ വര്‍ഷം മാത്രം 39 ശതമാനത്തിന് വര്‍ധനയുണ്ടായെന്നും ഏറ്റവും ദരിദ്രരായ പത്ത്് ശതമാനം ( 13.6 കോടി ജനങ്ങള്‍) 2004 മുതല്‍ കടക്കെണിയിലാണെന്നും ലോക സാമ്പത്തിക ഫോറത്തിന്റെ ദവോസില്‍ ചേര്‍ന്ന വാര്‍ഷിക യോഗം വിലയിരുത്തി. ഈ നില തുടര്‍ന്നാല്‍ രാജ്യം വൈകാതെ അരക്ഷിതാവസ്ഥയിലേക്ക് നീങ്ങുമെന്നും സംഘടന കണക്കുകള്‍ നിരത്തുന്നു.

ഇന്ത്യയില്‍ അതിസമ്പന്നരുടെ സ്വത്തില്‍ 39 ശതമാനമായിരുന്നു 2018 ലെ വളര്‍ച്ചയെങ്കില്‍ ആഗോള തലത്തില്‍ ഇത് 12 ശതമാനമാണ്.എന്നാല്‍ ഇത് പോലും അവഗണിക്കാനാവില്ലെന്നും ലോകത്ത് പണക്കാരും പാവപ്പെട്ടവരും തമ്മിലുള്ള വര്‍ധിച്ച് വരുന്ന അന്തരം ജനങ്ങളുടെ രോഷത്തിന് കാരണമാകുമെന്നും സമ്പത് വ്യവസ്ഥകളെ തന്നെ തകര്‍ത്ത് കളയുന്ന രീതിയിലേക്ക് അതൃപ്തി വളരുമെന്നും യോഗം ലോകത്തിന് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. അതേസമയം ലോകജനസംഖ്യയില്‍ പകുതിയോളം വരുന്ന പരമദരിദ്രരുടെ വരുമാനത്തില്‍ 11 ശതമാനം കുറവുണ്ടായതായും ഫോറം റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്ത്യയുടെ ദേശീയ സമ്പത്തിന്റെ 77.4 ശതമാനവും കൈയാളുന്നത് മുകള്‍തട്ടിലെ 10 ശതമാനമാണ്. കൂടുതല്‍ വ്യക്തതയോടെ പറഞ്ഞാല്‍ 51.53 ശതമാനവും കൈയാളുന്നത് അതിസമ്പന്നരായ ഒരു ശതമാനമാണ്. അതേസമയം താഴെ തട്ടിലുള്ള 60 ശതമാനം ജനങ്ങള്‍ കൈയാളുന്ന ആകെ ദേശീയ സ്വത്ത് 4.8 ശതമാനമാണ്. രാജ്യത്തെ ഏറ്റവും അധികം സമ്പത്തുള്ള 9 പേരുടെ കൈകളിലെ സമ്പത്ത് ജനസംഖ്യയിലെ ഏറ്റവും താഴെയുള്ള 50 ശതമാനം ജനങ്ങളുടെ ആസ്തിക്ക് തുല്യമാണ്.

Comments (0)
Add Comment