പ്രളയത്തിലെ റിപ്പോര്‍ട്ട് പിണറായി സര്‍ക്കാരിന്‍റെ വീഴ്ചയ്ക്കെതിരായ കുറ്റപത്രം ; മുഖ്യമന്ത്രി ജനങ്ങളോട് മാപ്പ് പറയണം : രമേശ് ചെന്നിത്തല

Jaihind Webdesk
Tuesday, March 30, 2021

തിരുവനന്തപുരം : 2018 ലെ പ്രളയം ഡാമുകളിലെ വെള്ളം കൈകാര്യം ചെയ്തതിലെ വീഴ്ച മൂലമാണെന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിന്‍റെ പഠനത്തിലെ കണ്ടെത്തല്‍ പിണറായി സര്‍ക്കാരിനെതിരായ കുറ്റപത്രമാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.

മനുഷ്യനിര്‍മ്മിത പ്രളയമാണെന്ന യു.ഡി.എഫ് നിലപാട് ശരിവെക്കുന്നതാണ് ഐ.ഐ.എസിന്‍റെ ശാസ്ത്രീയപഠനം. നേരത്തേ ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറിയും ഇതേ നിഗമനത്തിലാണ് എത്തിച്ചേര്‍ന്നത്. മുന്നറിയിപ്പൊന്നും കൂടാതെ ഡാമുകള്‍ കൂട്ടത്തോടെ തുറന്നു വിട്ടതാണ് കേരളത്തിന്‍റെ അടിത്തറ തകര്‍ത്ത പ്രളയത്തിന് കാരണമെന്ന് പ്രതിപക്ഷം ആദ്യം ചൂണ്ടിക്കാട്ടിയപ്പോള്‍ പരിഹസിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. ഡാമുകളില്‍ വെള്ളം കൈകാര്യം ചെയ്തതിലെ വീഴ്ചയാണ് പ്രളയത്തിന് കാരണമായതെന്നാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്.

483 പേരുടെ മരണത്തിനും പതിനാലരലക്ഷം പേരെ ദുരിതാശ്വാസക്യാമ്പുകളിലുമെത്തിച്ച മഹാദുരന്തത്തിന് ഉത്തരവാദി സര്‍ക്കാരാണെന്ന് സംശയാതീതമായി തെളിഞ്ഞിരിക്കുകയാണ്. സര്‍ക്കാരിന്‍റെ വീഴ്ചമൂലമുണ്ടായ ഈ പ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കുന്നതിലും സര്‍ക്കാരിന് വീഴ്ച ഉണ്ടായി. ദുരിതാശ്വാസത്തിന് സംഭാവനയായി ലഭിച്ച പണം പോലും സി.പി.എം യൂണിയനില്‍പ്പെട്ട ഉദ്യോഗസ്ഥര്‍ തട്ടിയെടുക്കുന്ന അവസ്ഥയുണ്ടായി.
സര്‍ക്കാരിന്‍റെ വീഴ്ചയാണ് പ്രളത്തിന് കാരണമെന്ന് തെളിഞ്ഞ സാഹചര്യത്തില്‍ മുഖ്യമന്ത്രി കേരള ജനതയോട് മാപ്പു പറയണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.