പൂന്തുറയില്‍ സമരത്തിന് നേതൃത്വം നല്‍കി സിപിഎം നേതാക്കള്‍, ചിത്രങ്ങള്‍ പുറത്ത്; പിന്നില്‍ പ്രതിപക്ഷമെന്ന ആരോപണം പൊളിഞ്ഞു

Jaihind News Bureau
Saturday, July 11, 2020

 

പൂന്തുറയില്‍ പ്രതിഷേധത്തിന് നേതൃത്വം നല്‍കി സിപിഎം നേതാക്കള്‍. ഇവരുടെ ചിത്രങ്ങള്‍ പുറത്തുവന്നതോടെ  പ്രതിഷേധത്തിന് പിന്നില്‍ പ്രതിപക്ഷമാണെന്ന ആരോപണം പാളി. പ്രമുഖ ദിനപത്രമാണ് ചിത്രം പുറത്തുവിട്ടത്. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍, മേയര്‍ കെ ശ്രീകുമാര്‍ തുടങ്ങിയവരാണ് ആരോപണം ഉന്നയിച്ചത്. പൂന്തുറ പള്ളി ജംഗ്ഷന്‍ ബ്രാഞ്ച് സെക്രട്ടറി ബേബി മാത്യു, കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സിപിഎം പാനലില്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലിലേക്ക് മത്സരിച്ച് പരാജയപ്പെട്ട ബെയിലിന്‍ദാസ് തുടങ്ങിയവര്‍ സമരമുഖത്തുണ്ടായിരുന്ന ചിത്രങ്ങളാണ് പുറത്തുവന്നത്. ഇത് സര്‍ക്കാരിനെയും പാര്‍ട്ടിയേയും വെട്ടിലാക്കി.

എംഎല്‍എയും പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളും നടത്തുന്ന കള്ള പ്രചാരണങ്ങളാണ് പ്രതിഷേധത്തിന് പിന്നിലെന്നായിരുന്നു സിപിഎം ജില്ലാ നേതൃത്വത്തിന്‍റെ ആരോപണം. മുഖ്യമന്ത്രിയും ഇതേ ആരോപണം ആവര്‍ത്തിച്ചിരുന്നു. അതേസമയം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ ശേഷം തിരിഞ്ഞുനോക്കാത്ത സര്‍ക്കാര്‍ ജില്ലാ ഭരണകൂടങ്ങള്‍ക്കെതിരെ ഗതികെട്ടാണ് തങ്ങള്‍ പ്രതിഷേധത്തിനിറങ്ങിയതെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഡയാലിസിസിന് വിധേയനായിക്കൊണ്ടിരിക്കുന്ന രോഗിയെ പുറത്തിറങ്ങാനാകാതെ പൊലീസ് തടഞ്ഞു. കുട്ടികള്‍ക്കുള്ള ഭക്ഷ്യവസ്തുക്കള്‍ വാങ്ങാന്‍ പോലും അനുവാദമുണ്ടായില്ലെന്നും നാട്ടുകാര്‍ പറയുന്നു.