പൂക്കോട് കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥന്‍റെ മരണം; പ്രധാന പ്രതി അഖില്‍ പിടിയില്‍

 

വയനാട്: പൂക്കോട് വെറ്ററിനറി സർവകലാശാല ക്യാമ്പസിലെ വിദ്യാർത്ഥി ജെ.എസ്. സിദ്ധാർത്ഥന്‍റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പ്രധാന പ്രതി അഖില്‍ പിടിയിൽ. പാലക്കാട്ട് നിന്നാണ് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തത്. അഖിലിനെ പോലീസ് വിശദമായി ചോദ്യം ചെയ്യുന്നു. കേസില്‍ നേരത്തെ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി ഉള്‍പ്പെടെ 6 പേർ കസ്റ്റഡിയിലായിരുന്നു.

ഒന്നാം വർഷ വിദ്യാർത്ഥി കെ. അഖിലിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. കൂടുതൽ അറസ്റ്റുകൾ ഉണ്ടായേക്കുമെന്ന് പോലീസ് അറിയിച്ചു. അതേസമയം സസ്‌പെൻഡ് ചെയ്ത വിദ്യാർത്ഥികളിൽ 11 പേർ ഒളിവിലാണ്. എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി എസ്. അഭിഷേക് അടക്കമുള്ളവർക്ക് വ്യക്തമായ പങ്കുണ്ടെന്ന് വ്യക്തമായതോടെ അഭിഷേക് അടക്കമുള്ള ആറുപേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കൂടുതൽ അറസ്റ്റുകൾ ഉടനുണ്ടാകുമെന്നും പ്രതികൾക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കുമെന്നും പോലീസ് വിശദീകരിച്ചു.

ഫെബ്രുവരി 18-നാണ് 2-ാം വർഷ ബിവിഎസ്‌സി വിദ്യാർത്ഥി തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി ജെ.എസ്. സിദ്ധാർത്ഥനെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആൾക്കൂട്ട വിചാരണയും ക്രൂരമർദ്ദനവും മാനസിക പീഡനങ്ങളും നേരിട്ടതിന് പിന്നാലെയായിരുന്നു സിദ്ധാർത്ഥിന്‍റെ ദാരുണാന്ത്യം. സിദ്ധാർത്ഥനെ നഗ്നമാക്കി കെട്ടിയിട്ട് ക്രൂരമായി മർദ്ദിച്ചതായി ദൃക്സാക്ഷിയായ വിദ്യാർത്ഥി പറഞ്ഞു. ഇതെല്ലാം കോളേജ് ഡീനിനും ഹോസ്റ്റൽ വാർഡനും അറിയാമായിരുന്നു എന്നും ആക്ഷേപമുണ്ട്.

ചിത്രം: ക്യാമ്പസില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സിദ്ധാർത്ഥന്‍, പ്രതി അഖില്‍
Comments (0)
Add Comment