ആലപ്പുഴ: അര്‍ത്തുങ്കല്‍ ഭാഗത്ത് കടലില്‍ മത്സ്യബന്ധനത്തിനിടെ കാണാതായ പൊന്നാനി സ്വദേശി ഷൗക്കത്തിന്റെ മൃതദേഹം തോട്ടപ്പള്ളി ഫിഷറീസ് സ്റ്റേഷന് പെട്രോളിംഗ് ബോട്ട് കണ്ടെത്തി. മത്സ്യബന്ധനം കഴിഞ്ഞ് പോകുന്നതിനിടെ ബോട്ടിലെ മറ്റു മത്സ്യത്തൊഴിലാളികള്‍ ഉറങ്ങുന്നതിനിടെയാണ് ഷൗക്കത്തിനെ കാണാതായത്. മത്സ്യത്തൊഴിലാളികള്‍ ഉറങ്ങി എഴുന്നേറ്റപ്പോള്‍ ഷൗക്കത്തിനെ കണ്ടില്ല. തുടര്‍ന്ന് പോലീസിനെയും തീരദേശ സേനയെയും വിവരം അറിയിക്കുകയായിരുന്നു.
മത്സ്യത്തൊഴിലാളികളും തീരദേശ സേനയും ഉള്‍പ്പെടെ കടലില്‍ തിരച്ചില്‍ നടത്തുന്നതില്‍ പങ്കാളികളായി. പൊന്നാനിയില്‍ നിന്നും ഇന്നലെ വൈകിട്ട് നാലുമണിയോടെയാണ് മുബാറക്ക് എന്ന ബോട്ടിലില്‍ ഷൗക്കത്ത് അടക്കം 7 മത്സ്യ തൊഴിലാളികള്‍ മത്സ്യബന്ധനത്തിന് പോയത്. ഭൗതികശരീരം ഇന്‍ക്വസ്റ്റ് നടപടികള്‍ക്കായി അര്‍ത്തുങ്കല്‍ കോസ്റ്റല്‍ പോലീസ് സ്റ്റേഷന് കൈമാറി. ഫിഷറീസ് ഗാര്‍ഡ് രാഹുല്‍, ലൈഫ് ഗാര്‍ഡുമാരായ ജയന്, ജോര്‍ജ് എന്നിവര്‍ തിരച്ചിലില്‍ പങ്കെടുത്തു. തോട്ടപ്പള്ളി ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ സിബി സോമന്, അസിസ്റ്റന്റ് ഡയറക്ടര്‍ മിലി ഗോപിനാഥ് എന്നിവര്‍ പ്രവര്‍ത്തനം ഏകോപിപ്പിച്ചു.